കാസര്കോട്: മുതിര്ന്ന കോണ്ഗ്രസ് നേതാവും കാസര്കോട് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ തുറന്നടിച്ച് പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയ. രാജ്മോഹൻ ഉണ്ണിത്താൻ നീചനായ മനുഷ്യനാണെന്നും രക്തസാക്ഷികളുമായി പുലബന്ധം പോലും ഇല്ലാത്തയാളായ ഉണ്ണിത്താൻ അവരുടെ കുടുംബത്തിനായി ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ബാലകൃഷ്ണൻ പെരിയ പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നത് ഒന്നും, പക്ഷെ പ്രവർത്തിക്കുന്നത് വേറെയൊന്നുമാണ്. നെറ്റിയിലെ കുറി മായ്ച്ച് കാസർകോടിന്റെ സെക്കുലറിസത്തിന് നേരെ കൊഞ്ഞണം കുത്തുകയാണ് ഉണ്ണിത്താൻ ചെയ്തത്. കുറി മായ്ച്ചത് സ്കിൻ അലർജി മൂലമെന്നത് തെളിയിക്കാൻ വെല്ലുവിളിക്കുകയാണ്. കാസർകോട് ജില്ലയിലെ കോൺഗ്രസിനെ ഉണ്ണിത്താൻ തകർത്തുവെന്നും ഈ നിമിഷം മുതൽ അദ്ദേഹത്തിനെതിരായ യുദ്ധം തുടങ്ങുന്നുവെന്നും ബാലകൃഷ്ണൻ പെരിയ പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താൻ ദുർമന്ത്രവാദത്തിന്റെ പിടിയിലാണെന്നും ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. എല്ലാ സ്ഥലത്തും ഉണ്ണിത്താൻ ദുർമന്ത്രവാദം ഉപയോഗിക്കുകയാണ്. കെ സുധാകരന്റെ വീട്ടിലും ഉണ്ണിത്താൻ മന്ത്രവാദിയെ കൊണ്ടുപോയിട്ടുണ്ട്. നേതാക്കളെ പുറത്താക്കിയ നടപടി കെ സുധാകരൻ എടുത്തത് രാജ്മോഹൻ ഉണ്ണിത്താനെ ഭയന്നിട്ടാണ്. തന്നെ പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് പറഞ്ഞ ബാലകൃഷ്ണൻ പെരിയ കോൺഗ്രസിൽ അപകടരമായ പ്രവണത വളരുന്നുവെന്നും ചില ജാതിയിൽപ്പെട്ടവരെ ലക്ഷ്യം വയ്ക്കുന്നുവെന്നും ആരോപിച്ചു.
പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിയുടെ മകന്റെ വിവാഹത്തില് പങ്കെടുത്തതിന് ബാലകൃഷ്ണൻ പെരിയ അടക്കമുളള നാല് കോണ്ഗ്രസ് നേതാക്കളെ കോൺഗ്രസ് പുറത്താക്കിയിരുന്നു. രാജന് പെരിയ, പ്രമോദ് എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് നേതാക്കൾ. രക്തസാക്ഷികളുടെ കുടുംബങ്ങളെ നേതാക്കള് പരസ്യമായി അപമാനിച്ചുവെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്. അന്വേഷണ കമ്മീഷന് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വിവാഹ ചടങ്ങില് നേതാക്കള് പങ്കെടുത്തത് ഗുരുതര തെറ്റാണെന്നും പ്രവര്ത്തകരുടെ ആത്മവീര്യം തകര്ക്കുന്ന നടപടിയാണെന്നുമായിരുന്നു അന്വേഷണ കമ്മീഷന് റിപ്പോര്ട്ട്. ജില്ലയിലെ രക്തസാക്ഷി കുടുംബങ്ങളെ നേതൃത്വം അവഗണിക്കുന്നതായും കണ്ടെത്തലുണ്ടായിരുന്നു. രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം വേണമെന്നും നിര്ദ്ദേശിച്ചിരുന്നു. പ്രതിമാസം ജില്ലാ നേതാക്കള് രക്തസാക്ഷികളുടെ വീട് സന്ദര്ശിക്കണം. രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കാന് കെപിസിസി നേതൃത്വത്തില് കമ്മിറ്റിക്ക് രൂപം നല്കണമെന്നും നിര്ദ്ദേശമുണ്ട്. പി എം നിയാസ്, എന് സുബ്രഹ്മണ്യന് എന്നിവര്ക്കായിരുന്നു അന്വേഷണ ചുമതല.