
കണ്ണൂർ: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ. ടി പി കേസ് പ്രതികളുടെ പേര് ലിസ്റ്റിൽ നിന്ന് ഒഴിവാക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തയ്യാറാക്കിയ ലിസ്റ്റാണിത്. ഈ ലിസ്റ്റ് നൽകിയത് എന്തിനെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024 ജനുവരിയിലാണ് കോടതി ഉത്തരവ് വന്നത്. കോടതി ഉത്തരവിന് മുമ്പാണ് ലിസ്റ്റ് തയ്യാറാക്കിയത്. കണ്ണൂർ ജയിൽ സൂപ്രണ്ടിനോട് വിശദീകരണം ചോദിക്കുമെന്നും ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കി.
ടി പി ചന്ദ്രശേഖരന് വധക്കേസിലെ മൂന്ന് പ്രതികള്ക്ക് ശിക്ഷാ ഇളവ് നല്കി വിട്ടയക്കാനാണ് സര്ക്കാര് നീക്കം നടന്നത്. ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരെ വിട്ടയക്കാനായിരുന്നു നീക്കം. ഹൈക്കോടതി വിധി മറികടന്ന് പ്രതികളെ വിട്ടയക്കാനാണ് സര്ക്കാര് നീക്കം. ഇതിനെതിരെ കെ കെ രമ എംഎല്എ രംഗത്തെത്തിയിരുന്നു. കൊലചെയ്ത അന്ന് മുതല് പ്രതികള്ക്കുള്ള സിപിഐഎം ബന്ധത്തെക്കുറിച്ച് നിരന്തരം പറയുന്നുണ്ട്. പല സമയങ്ങളിലായി വഴി വിട്ട സഹായങ്ങളാണ് പ്രതികള്ക്ക് സര്ക്കാരില് നിന്നും ലഭിച്ചത്. ടി പി കേസിലെ പ്രതികളുടെ സുഖവാസ കേന്ദ്രങ്ങളാണ് ജയില്. ജയില്സുപ്രണ്ട് സ്വമേധയാ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തില്ല. ആഭ്യന്തര മന്ത്രിയുടെ അറിവില്ലാതെ പട്ടികയില് ടി പി വധക്കേസ് പ്രതികളെ ഉള്പ്പെടുത്തില്ലെന്നും കെ കെ രമ റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു.
പ്രതികള്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണകോടതി വിധി ശരിവെച്ച ഹൈക്കോടതിയെ വെല്ലുവിളിക്കുകയാണ് സര്ക്കാര്. കോടതിക്ക് പുല്ലുവിലയാണെന്ന് പരോക്ഷമായി പറയുകയാണ്. ടി പി കേസ് പ്രതികള്ക്കൊപ്പം ഞങ്ങളുണ്ടെന്ന് പറയുകയാണ് സര്ക്കാര്. നിയമപരമായി നീങ്ങും. തൊട്ടടുത്ത ദിവസം ഗവര്ണറെ സമീപക്കുമെന്നും കെകെ രമ പറഞ്ഞു. എന്നാൽ കോടതി ഉത്തരവിന് വിരുദ്ധമായ നടപടികള് സര്ക്കാര് സ്വീകരിക്കില്ലെന്നും ടി പി വധക്കേസ് പ്രതികള്ക്ക് പ്രത്യേക പരിഗണനയില്ലെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു.