കൊച്ചി: പോംടേം സ്പീക്കര് പദവി നല്കാത്തതിലൂടെ അര്ഹതപ്പെട്ട അവസരമാണ് തനിക്ക് നിഷേധിച്ചതെന്ന് നിയുക്ത എംപി കൊടിക്കുന്നില് സുരേഷ്. തന്നേക്കാള് ജൂനിയറായ ഒരാളെ നിര്ത്തിയാണ് ഒഴിവാക്കല്. അതിനെ വിശദീകരിക്കേണ്ടത് കേന്ദ്രസര്ക്കാരാണെന്നും കൊടിക്കുന്നില് സുരേഷ് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു. ഈ ഘട്ടത്തില് കേരളത്തിലെ കോണ്ഗ്രസില് നിന്നും എഐസിസിയില് നിന്നും മികച്ച പിന്തുണ ലഭിച്ചെന്നും കൊടിക്കുന്നില് സുരേഷ് പറഞ്ഞു.
'ദേശീയ മാധ്യമങ്ങള് അടക്കം പോംടേം സ്പീക്കര് താന് ആയിരിക്കുമെന്ന് റിപ്പോര്ട്ട് ചെയ്തു. പാര്ലമെന്റിന്റെ രീതിയും സീനിയോറിറ്റിയും പരിഗണിച്ചായിരുന്നു അത്. 2016 ല് നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള് പോംടേം സ്പീക്കറായി നിയമിച്ചത് കമല്നാഥിനെയായിരുന്നു. 9ാം തവണ എംപിയായിരുന്നു കമല്നാഥ്. അദ്ദേഹത്തിന് ആ സീനിയോറിറ്റി കൊടുത്തെങ്കില് 18-ാം ലോക്സഭ വന്നപ്പോള് എന്തുകൊണ്ട് എന്നെ ഒഴിവാക്കി എന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരം തരാന് കേന്ദ്രമോ പ്രധാനമന്ത്രിയോ തയ്യാറാവുന്നില്ല. പ്രതിപക്ഷത്തെ കാണാതിരിക്കുകയെന്ന നയസമീപനത്തിന്റെ ലക്ഷണമാണ് അവര് കാണിക്കുന്നത്.' കൊടിക്കുന്നില് വിശദീകരിച്ചു.
ഒരേ സംവരണ മണ്ഡലത്തില് നിന്നും തുടര്ച്ചയായ എട്ട് തവണ തിരഞ്ഞെടുക്കുകയെന്നത് അപൂര്വ്വങ്ങളില് അപൂര്വ്വമാണെന്നും കൊടിക്കുന്നില് പറഞ്ഞു. ആലത്തൂരില് രമ്യ ഹരിദാസിന് ജയിക്കാന് കഴിയാത്ത സാഹചര്യം ചൂണ്ടികാട്ടിയാണ് ഇക്കാര്യം പറഞ്ഞത്.
'ദളിത് ആദിവാസി വിഭാഗങ്ങളെ അവഗണിക്കുന്ന നിലപാടാണ് കഴിഞ്ഞ പത്ത് വര്ഷമായി മോദി സര്ക്കാര് സ്വീകരിച്ചത്. ഇപ്പോഴത്തെ കേന്ദ്ര മന്ത്രിസഭയില് ബിജെപിയില് നിന്നും രണ്ട് പേരാണുള്ളത്. എന്നാല് കോണ്ഗ്രസ് അധികാരത്തിലുള്ളപ്പോള് ആഭ്യന്തരം ഉള്പ്പെടെ പ്രധാനപ്പെട്ട വകുപ്പുകളില് ദളിത് ആദിവാസി വിഭാഗങ്ങളില് നിന്നുള്ളവരുണ്ടായിരുന്നു. നിലവിലെ മന്ത്രി സഭയില് ദളിത് ആദിവാസി പ്രാതിനിധ്യം വളരെ ചെറുതാണ്. ജാതി അധിക്ഷേപം ഉണ്ടായോ എന്ന് വിലയിരുത്തേണ്ടത് പൊതുജനമാണ്. അര്ഹതപ്പെട്ട അവസരമാണ് നിഷേധിച്ചത്. വിഷമമുണ്ടാകാതിരിക്കില്ല. ബിജെപിയുടെ നടപടിയോട് വിയോജിപ്പുള്ള എല്ലാവര്ക്കും വിഷമമുണ്ട്', എന്നും കൊടിക്കുന്നില് പറഞ്ഞു.
കോണ്ഗ്രസ് എംപി കൊടിക്കുന്നില് സുരേഷിനെ തഴഞ്ഞ്, ഒഡിഷയില് നിന്നുള്ള ബിജെപി എം പി ഭര്തൃഹരി മഹ്താബിനെയാണ് പോംടേം സ്പീക്കറായി നിയമിച്ചത്. പരാജയമറിയാതെ ഏഴുതവണ എംപിയായ വ്യക്തിയാണ് ഭര്തൃഹരിയെന്നായിരുന്നു പാര്ലമെന്ററി കാര്യമന്ത്രിയുടെ വിശദീകരണം. എന്നാല് റിജിജുവിന്റെ വാദം തമാശയാണെന്നും തിരഞ്ഞെടുപ്പിനെ അവഹേളിക്കുന്നതാണെന്നും കൊടിക്കുന്നില് പ്രതികരിച്ചു.