കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസിലെ മൂന്ന് പ്രതികള്ക്ക് ശിക്ഷാ ഇളവ് നല്കി വിട്ടയക്കാനുള്ള നീക്കത്തില് പ്രതികരിച്ച് നിയമ മന്ത്രി പി രാജീവ്. കോടതി ഉത്തരവിന് വിരുദ്ധമായ നടപടികള് സര്ക്കാര് സ്വീകരിക്കില്ലെന്നും ടി പി വധക്കേസ് പ്രതികള്ക്ക് പ്രത്യേക പരിഗണനയില്ലെന്നും പി രാജീവ് പറഞ്ഞു.
'ജയില് ചട്ടമനുസരിച്ചുള്ള ഉപദേശക സമിതിയും സര്ക്കാരിലെ ബന്ധപ്പെട്ട വകുപ്പുകളും പരിശോധിച്ച് നിയമാനുസൃതമാണെന്ന് കണ്ടെത്തിയാല് മാത്രമെ ശുപാര്ശ ആഭ്യന്തര വകുപ്പ് മന്ത്രിസഭയുടെ മുന്നില് കൊണ്ടുവരൂ. വരുന്ന ശുപാര്ശകള് നിയമാനുസൃതമാണെങ്കില് പോലും സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരായ കേസുകള്ക്കകത്ത് സര്ക്കാര് പൊതുവായ മാനദണ്ഡം സ്വീകരിച്ചിട്ടുണ്ട്. ജയില് സമിതി നിര്ദേശ പ്രകാരം ശിക്ഷ ഇളവ് ചെയ്തിട്ടുള്ള പ്രതികളുടെ പശ്ചാത്തലം പരിശോധിച്ചാല് രാഷ്ട്രീയ മാനദണ്ഡം സര്ക്കാര് സ്വീകരിച്ചിട്ടില്ലെന്ന് മനസ്സിലാകും. നിയമവിരുദ്ധമായ ഒരു നടപടിയും സര്ക്കാര് സ്വീകരിക്കില്ല. സര്ക്കാര് വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല. കോടതി ഉത്തരവിന് വിരുദ്ധമായ സമീപനം സര്ക്കാര് സ്വീകരിക്കില്ല.' പി രാജീവ് പറഞ്ഞു.
അതേസമയം കണ്ണൂര് സെന്ട്രല് ജയില് സുപ്രണ്ടിന്റെ കത്ത് പുറത്തായ സാഹചര്യത്തില് ഗവര്ണറെ സമീപിക്കാനാണ് തീരുമാനമെന്ന് കെകെ രമ എംഎല്എ പ്രതികരിച്ചു. മുന്പും ഇത്തരത്തിലുള്ള നീക്കങ്ങള് സര്ക്കാര് നടത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിയുടെ അറില്ലാതെ ഇത്തരമൊരു കത്ത് ജയില് സുപ്രണ്ട് പുറത്തിറക്കില്ല. പലകാലങ്ങളിലായി സര്ക്കാര് സഹായം ടി പി കേസ് പ്രതികള്ക്ക് ലഭിച്ചിട്ടുണ്ടെന്നും കെകെ രമ റിപ്പോര്ട്ടറിനോട് പ്രതികരിച്ചിരുന്നു.