കോഴിക്കോട്: തൃശ്ശൂരിൽ ബിജെപിക്ക് വോട്ട് ചെയ്തവരും പിന്തുണച്ചവരും ഇനിയെങ്കിലും തങ്ങൾ ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബിജെപി സീറ്റ് നേടിയത് ഗൗരവത്തോടെ പരിശോധിക്കണമെന്നും വിവിധ വിഭാഗങ്ങൾ പാർട്ടിക്കപ്പുറം സുരേഷ് ഗോപിക്ക് നൽകിയ പിന്തുണ ഗൗരവപരമായി കാണണമെന്നും പിണറായി വിജയൻ പറഞ്ഞു. ബിജെപിയെ പിന്തുണച്ചവരോട് ശത്രുതയില്ലെന്നും എന്നാൽ അവര് കൃത്യമായ നിലപാട് സ്വീകരിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
മുസ്ലിം ലീഗിന്റെ മുഖം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അത് ജമാഅത്തെ ഇസ്ലാമിയുടേതും എസ്ഡിപിഐയുടെയും മുഖമായി മാറുന്നുവെന്നും മുഖ്യമന്ത്രി വിമര്ശിച്ചു. 'എന്താണ് എസ്ഡിപിഐ, എന്താണ് ജമാഅത്തെ ഇസ്ലാമിയെന്ന് അറിയാത്തവരല്ല കോൺഗ്രസ്. എന്നാൽ മാറിയ മുസ്ലിം ലീഗിനൊപ്പമാണ് കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിലകൊള്ളുന്നത്. ഇത് ദോഷം ചെയ്യും. വലതുപക്ഷം വ്യത്യസ്ത ചേരികളിൽ ഏറ്റുമുട്ടുന്ന സ്ഥിതിയാണ് കേരളത്തിന് പുറത്ത്. എന്നാൽ അവരെല്ലാം കേരളത്തിൽ ഒന്നിക്കുന്നു. കേരളത്തിൽ എന്തെങ്കിലും പ്രത്യേകതരം വികാരമില്ല. കേരളത്തിൽ ഇടതുപക്ഷത്തിന്റെ ജനസ്വാധീനം നഷ്ടപ്പെടുത്താനാണ് വലതുപക്ഷത്തിന്റെ ശ്രമം'. അദ്ദേഹം ആരോപിച്ചു.
'നാല് വോട്ട് ഇങ്ങ് പോരട്ടെ എന്നല്ല ഇടത് നിലപാട്. നാടിന്റെ ക്ഷേമമാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യം. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കി. മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത പ്രശ്നം ഇവിടെ സൃഷ്ടിച്ചുവെ'ന്നും അദ്ദേഹം കോഴിക്കോട് നടന്ന പരിപാടിയിൽ പ്രസംഗത്തിൽ വിമര്ശിച്ചു. 'നേരത്തെ ഒറ്റകക്ഷിയായി ഭൂരിപക്ഷം തെളിയിച്ച ബിജെപിക്ക് ഇത്തവണ അത് നേടായില്ല. സംസ്ഥാനങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങൾ തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചു. യുപിയിൽ ബിജെപിയെ നേരിടുന്നതിൽ സമാജ്വാദി പാര്ട്ടി അണിനിരന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെട്ടതാണ് ബിജെപിയെ പിറകോട്ടടിച്ചത്. ബിജെപിയെ രാജ്യം വലിയ തോതിൽ അംഗീകരിക്കുന്നില്ലെന്നും അവരെ ജനം തള്ളിയെ'ന്നും പിണറായി വിജയൻ കോഴിക്കോട് നടന്ന പരിപാടിയിൽ പറഞ്ഞു.
'ഉണ്ണിത്താൻ ദുർമന്ത്രവാദത്തിന്റെ പിടിയിൽ; സുധാകരന് പോലും ഭയം'; തുറന്നടിച്ച് ബാലകൃഷ്ണൻ പെരിയ