തിരുവനന്തപുരം: സപ്ലൈകോ വാര്ഷികാഘോഷ പരിപാടി ധൂര്ത്താണെന്ന വിമര്ശനം ശരിയല്ലെന്ന് മന്ത്രി ജി ആര് അനില്. പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് വാര്ഷിക പരിപാടികള് നടത്തുന്നത്. പിന്നോട്ടുപോയ സ്ഥാപനം പൂര്ണ്ണമായി പരാജയപ്പെടട്ടേയെന്ന് കരുതാനാകുമോയെന്നും മന്ത്രി ചോദിച്ചു. വിപുലമായ ആഘോഷ പരിപാടികള് ഒഴിവാക്കിയെന്നും ലളിതമായ ചടങ്ങുകള് മാത്രമാണുള്ളതെന്നും സപ്ലൈകോ മാനേജ്മെന്റ് വിശദീകരിച്ചതിന് പിന്നാലെയാണ് വകുപ്പ് മന്ത്രിയുടെ പ്രതികരണം.
സപ്ലൈകോയുടെ അന്പതാം വാര്ഷികാഘോഷം അടുത്ത ചൊവ്വാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലാണ് ആഘോഷം നടക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ആഘോഷം സംഘടിപ്പിക്കുന്നതിനെതിരെ വിമര്ശനം ഉയരുന്നുണ്ട്. സാധനങ്ങള് ഇല്ലാതെ സപ്ലൈകോ സ്റ്റോറുകള് ഒഴിഞ്ഞു കിടക്കുമ്പോള് അന്പതാം വാര്ഷികാഘോഷത്തിന് എന്ത് പ്രസക്തി എന്ന വിമര്ശനമാണ് ഉയരുന്നത്.
പത്ത് മാസമായി സപ്ലൈകോ ഔട്ട്ലെറ്റുകളില് പഞ്ചസാരയില്ല. 600 കോടിയിലധികം രൂപ കുടിശ്ശിക ഉള്ളതിനാല് വിതരണക്കാര് സപ്ലൈകോയുമായി സഹകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുടിശ്ശിക വീട്ടാനും പണം അനുവദിക്കാനും ധനവകുപ്പ് തയ്യാറാകാത്ത സാഹചര്യവുമുണ്ട്. അതേസമയം സപ്ലൈകോയില് പഞ്ചസാര സ്റ്റോക്ക് ഉടന് എത്തുമെന്ന് മന്ത്രി അറിയിച്ചു.