കൊച്ചി: ടി പി വധക്കേസ് പ്രതികള്ക്ക് ശിക്ഷാ ഇളവ് നല്കാനുള്ള സര്ക്കാര് നീക്കം വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രതികള്ക്ക് ശിക്ഷാ ഇളവ് നല്കാന് അനുവധിക്കില്ല. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും വി ഡി സതീശന് പറഞ്ഞു.
ടിപിയെ കൊന്ന ക്രിമിനലുകളെ സംരക്ഷിക്കാന് ശ്രമിക്കുകയാണ്. എല്ലാ പ്രതികള്ക്കുമായി രണ്ടായിരത്തോളം ദിവസം പരോള് നല്കി. ജയിലില് പ്രതികള്ക്ക് ഫൈവ് സ്റ്റാര് സൗകര്യമാണ് നല്കുന്നത്. തിരഞ്ഞെടുപ്പില് നിന്ന് പാഠം പഠിച്ചിട്ടില്ല. സര്ക്കാര് പോകുന്നത് തെറ്റുകളില് നിന്ന് തെറ്റുകളിലേക്കാണെന്നും വി ഡി സതീശന് കടന്നാക്രമിച്ചു.
സിപിഐഎം അപരിഷ്കൃതമായ ഇരുണ്ട യുഗത്തില് ജീവിക്കുന്ന പാര്ട്ടിയാണെന്നും തലശ്ശേരി എരഞ്ഞോളിയിലെ ബോംബ് സ്ഫോടനം ചൂണ്ടികാട്ടി വി ഡി സതീശന് വിശദീകരിച്ചു. സിപിഐഎം ഇപ്പോഴും ബോംബ് നിര്മ്മിക്കുന്നു. ബോംബ് രാഷ്ട്രീയത്തിനെതിരെ സംസാരിച്ച സീനയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നു. സീനയുടെ കുടുംബത്തിന് സംരക്ഷണം ഒരുക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതേസമയം കോടതി ഉത്തരവിന് വിരുദ്ധമായ നടപടികള് സര്ക്കാര് സ്വീകരിക്കില്ലെന്നും ടി പി വധക്കേസ് പ്രതികള്ക്ക് പ്രത്യേക പരിഗണനയില്ലെന്നും പി രാജീവ് പറഞ്ഞു. 'ജയില് ചട്ടമനുസരിച്ചുള്ള ഉപദേശക സമിതിയും സര്ക്കാരിലെ ബന്ധപ്പെട്ട വകുപ്പുകളും പരിശോധിച്ച് നിയമാനുസൃതമാണെന്ന് കണ്ടെത്തിയാല് മാത്രമെ ശുപാര്ശ ആഭ്യന്തര വകുപ്പ് മന്ത്രിസഭയുടെ മുന്നില് കൊണ്ടുവരൂ. വരുന്ന ശുപാര്ശകള് നിയമാനുസൃതമാണെങ്കില് പോലും സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരായ കേസുകള്ക്കകത്ത് സര്ക്കാര് പൊതുവായ മാനദണ്ഡം സ്വീകരിച്ചിട്ടുണ്ട്. ജയില് സമിതി നിര്ദേശ പ്രകാരം ശിക്ഷ ഇളവ് ചെയ്തിട്ടുള്ള പ്രതികളുടെ പശ്ചാത്തലം പരിശോധിച്ചാല് രാഷ്ട്രീയ മാനദണ്ഡം സര്ക്കാര് സ്വീകരിച്ചിട്ടില്ലെന്ന് മനസ്സിലാകും. നിയമവിരുദ്ധമായ ഒരു നടപടിയും സര്ക്കാര് സ്വീകരിക്കില്ല. സര്ക്കാര് വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല. കോടതി ഉത്തരവിന് വിരുദ്ധമായ സമീപനം സര്ക്കാര് സ്വീകരിക്കില്ല.' പി രാജീവ് പറഞ്ഞു.