കാസർകോട്: രാജ്മോഹൻ ഉണ്ണിത്താനെതിരെ നിലപാട് കടുപ്പിച്ച് ബാലകൃഷ്ണൻ പെരിയ വിഭാഗം. ഉണ്ണിത്താന്റെ വ്യക്തി താത്പര്യത്തിന് പാർട്ടി കീഴടങ്ങുന്നുവെന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയ നടപടി ഏകപക്ഷീയമാണെന്നും ബാലകൃഷ്ണൻ പെരിയ വിഭാഗം ആരോപിച്ചു. ഇതോടെ കാസർകോട് കോൺഗ്രസിലെ ആഭ്യന്തര കലഹം മറനീക്കി പുറത്തെത്തി.
ഉണ്ണിത്താനെതിരെ രണ്ടുകോടിയുടെ അഴിമതി ആരോപണവും ബാലകൃഷ്ണൻ പെരിയ ഉന്നയിച്ചിരുന്നു. കൃപേഷ് - ശരത് ലാൽ കൊലപാതക കേസിലെ പ്രതിയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിനാണ് ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ നാലു പേരെ പാർട്ടിയിൽനിന്ന് കെപിസിസി പുറത്താക്കിയത്. അതിന് പിന്നാലെയാണ് രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷ വിമർശനവുമായി ബാലകൃഷ്ണൻ പെരിയ രംഗത്തെത്തിയത്.
ബാലകൃഷ്ണൻ പെരിയയെ അനുകൂലിച്ച് കഴിഞ്ഞദിവസം പ്രകടനം നടത്തിയ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി രാകേഷിനെതിരെയും നടപടി സ്വീകരിക്കാൻ ആലോചനയുണ്ട്. ലോക്സഭയിലെ സത്യപ്രതിജ്ഞയ്ക്കുശേഷം കാസർകോടെത്തുന്ന രാജ്മോഹൻ ഉണ്ണിത്താൻ തിരിച്ചും നിലപാട് കടുപ്പിച്ചാൽ ജില്ലയിലെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ നടന്നേക്കും. പാർട്ടി നിലപാട് കടുപ്പിക്കുമ്പോൾ തിരിച്ചും കടുത്ത നിലപാട് സ്വീകരിക്കാനാണ് ബാലകൃഷ്ണൻ പെരിയ വിഭാഗത്തിന്റെ തീരുമാനം.