തിരുവനന്തപുരം: യുഡിഎഫില് പുതിയ ഘടകകക്ഷിയായി കേരള പ്രവാസി അസോസിയേഷനെ സഹകരിപ്പിക്കുന്നതില് മുന്നണിയില് അതൃപ്തിയുണ്ടെന്ന വാര്ത്തകള് നിഷേധിച്ച് പാര്ട്ടി സംസ്ഥാന അധ്യക്ഷന് രാജേന്ദ്രന് വെള്ളപ്പാലത്ത്. മൂന്ന് വര്ഷം മുന്പ് രാഷ്ട്രീയപാര്ട്ടിയായി രജിസ്റ്റര് ചെയ്ത സംഘടന കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില് യുഡിഎഫിനായി പ്രവര്ത്തിച്ചിരുന്നു. ഉപാധികളില്ലാതെയാണ് മുന്നണിയുടെ ഭാഗമാകുന്നതെന്നും നിയമസഭയില് മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'യുഡിഎഫ് നേതൃത്വമാണ് ഐകകണ്ഠ്യേന അത്തരമൊരു തീരുമാനമെടുത്തത്. അസ്വാരസ്യങ്ങള് ഉള്ളതായി ഞങ്ങള്ക്കറിയില്ല. മുന്നണിയുടെ ഭാഗമാവുക, പാര്ട്ടിയും മുന്നണിയും ശക്തിപ്പെടുത്തുക, ജനക്ഷേമ പ്രവര്ത്തനങ്ങള് നടപ്പില് വരുത്തുക എന്നിവയാണ് ലക്ഷ്യം' രാജേന്ദ്രന് വെള്ളപ്പാലത്ത് പറഞ്ഞു.
കഴിഞ്ഞദിവസം ചേര്ന്ന നേതൃയോഗത്തിലായിരുന്നു കേരള പ്രവാസി അസോസിയേഷന് യുഡിഎഫിന്റെ ഭാഗമായത്. കേരള പ്രവാസി അസോസിയേഷന് പാര്ട്ടി യുഡിഎഫില് പ്രത്യേക ക്ഷണിതാവായി നില്ക്കുമെന്നും ഘടകകക്ഷികള്ക്ക് തുല്യമാണിതെന്നും യുഡിഎഫ് കണ്വീനര് എംഎം ഹസ്സന് പറഞ്ഞു.