തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യവുമായി വൻകിട കമ്പനികൾ കേരളത്തിലേക്ക്. ഹോട്ടി വൈനിൻ്റെ മറവിലാണ് വീര്യം കുറഞ്ഞ മദ്യവുമായി വൻകിട മദ്യ കമ്പനികൾ സംസ്ഥാനത്തേക്കെത്തുന്നത്. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ബക്കാർഡി അനുമതി തേടിയിട്ടുണ്ട്.
തദ്ദേശീയമായി ഹോട്ടി വൈൻ ഉൽപ്പാദിപ്പിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ധാന്യങ്ങൾ ഒഴികെയുള്ള പഴവർഗ്ഗങ്ങളിൽ നിന്നും മദ്യം ഉത്പാദിപ്പിക്കാനായിരുന്നു തീരുമാനം. ഇതുവഴി സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നായിരുന്നു വാദം.
വീര്യം കുറഞ്ഞ മദ്യം വിപണിയിൽ ഇറക്കാൻ മദ്യനയത്തിലും മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാല് തദ്ദേശീയ ഉത്പാദനത്തിന് പകരം വൻകിട മദ്യ കമ്പനികൾക്ക് സംസ്ഥാനത്ത് വാതിൽ തുറന്നിട്ടിരിക്കുകയാണിപ്പോള് സർക്കാർ.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് വില്പ്പനയ്ക്കെത്തുമെന്ന് നേരത്തേ റിപ്പോര്ട്ടുകളുണ്ടായിരുന്നു. വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കിയാല് വില്പ്പന കൂടുമെന്ന് ഉത്പാദകര് പറഞ്ഞിരുന്നു. മദ്യത്തിലെ ആല്ക്കഹോളിന്റെ അളവ് 20 ശതമാനമാകുമ്പോള് നികുതി ഇളവ് വേണമെന്നും ആവശ്യമുണ്ടായിരുന്നു. വീര്യം കുറഞ്ഞ മദ്യ ഉത്പാദനം കൂട്ടാന് നികുതി കുറയ്ക്കണമെന്നാണ് നാളുകളായി മദ്യ ഉത്പാദകര് ആവശ്യപ്പെട്ടിരുന്നത്.