സീറ്റ് പ്രതിസന്ധി: മന്ത്രിയുടെ വാദങ്ങളെ പൊളിച്ച് ഹയര്സെക്കൻഡറി ഡയറക്ടറേറ്റിന്റെ കണക്ക്

മൂന്നാംഘട്ട അലോട്ട്മെന്റ് പ്രവേശന നടപടികൾ പൂർത്തിയാക്കിയ ശേഷം ഹയര്സെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച കണക്കുകളാണ് മന്ത്രിയുടെ വാദങ്ങളെ പൊളിക്കുന്നത്

dot image

തിരുവനന്തപുരം: മലപ്പുറത്ത് സീറ്റ് പ്രതിസന്ധി ഇല്ലെന്ന മന്ത്രി വി ശിവൻകുട്ടിയുടെ വാദങ്ങളെ പൊളിച്ച് ഹയര്സെക്കൻഡറി ഡയറക്ടറേറ്റിന്റെ കണക്ക്. മൂന്നാംഘട്ട അലോട്ട്മെന്റ് പ്രവേശന നടപടികൾ പൂർത്തിയാക്കിയ ശേഷം ഹയര്സെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച കണക്കുകളാണ് മന്ത്രിയുടെ വാദങ്ങളെ പൊളിക്കുന്നത്. അൺഎയ്ഡഡ് സീറ്റുകൾ കൂട്ടിയില്ലെങ്കിലും മലപ്പുറത്ത് 2954 സീറ്റുകളുടെ കുറവ് മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോൾ അൺഎയ്ഡഡ് കൂട്ടിയാൽ പോലും മലപ്പുറത്ത് പതിനായിരത്തിലധികം വിദ്യാർഥികൾ പുറത്താകുമെന്നതാണ് യാഥാർഥ്യം.

ഓരോ ഘട്ടങ്ങളിലും ഇഷ്ട വിഷയമോ വിദ്യാലയമോ ലഭിക്കാത്തതിനാൽ നിരവധി വിദ്യാർത്ഥികളാണ് പ്രവേശന നടപടികളിൽ നിന്നും വിട്ട് നിൽക്കുന്നത്. മൂന്നാം ഘട്ടത്തിൽ മെറിറ്റിൽ മാത്രം 5782 വിദ്യാർത്ഥികളാണ് പ്രവേശനം നേടാതെ മാറി നിന്നത്. എന്നിട്ട് പോലും ജില്ലയിലെ സീറ്റ് ക്ഷാമം രൂക്ഷമായി തുടരുകയാണ്. ജില്ലയിലെ 82446 അപേക്ഷകരിൽ 50964 പേർക്കാണ് പ്രവേശനം ലഭിച്ചത്. 31482 വിദ്യാർത്ഥികൾ ഇപ്പോഴും അവസരത്തിനായി കാത്തുനിൽക്കുകയാണ്. ജില്ലയിലെ 50080 മെറിറ്റ് സീറ്റുകളിൽ 44254 വിദ്യാർഥികൾ പ്രവേശനം നേടി. മെറിറ്റിൽ ശേഷിക്കുന്നത് 5826 സീറ്റുകൾ മാത്രമാണ്. കമ്മ്യൂണിറ്റി, സ്പോർട്സ്, എംആർഎസ് ക്വാട്ടകളിലായുള്ള 5049 സീറ്റുകളിൽ 4003 പേർ പ്രവേശനം നേടി. ശേഷിക്കുന്നത് 1046 സീറ്റുകളാണ്. ജില്ലയിലെ ആകെയുള്ള 5091 മാനേജ്മെന്റ് സീറ്റുകളിൽ 1757 പേർ പ്രവേശനം നേടി.

ഇനി ശേഷിക്കുന്നത് 3334 സീറ്റുകളും. സീറ്റ് പ്രതിസന്ധി രൂക്ഷമായതോടെ 25000 രൂപ മുതൽ അര ലക്ഷം രൂപവരെ ഈടാക്കിയാണ് മാനേജ്മെന്റ് സീറ്റുകളുടെ വിൽപ്പന നടക്കുന്നത്. അവസരത്തിനായി കാത്തിരിക്കുന്ന 31482 വിദ്യാർഥികളെ ഈ മുഴുവൻ ഒഴിവുകളിലേക്കും പരിഗണിച്ചാലും 21276 വിദ്യാർഥികൾ പുറത്താകും. ബാക്കിയുള്ളവരുടെ ഏക ആശ്രയം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ജില്ലയിലെ 11236 അൺഎയ്ഡഡ് സീറ്റുകളിൽ 950 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ശേഷിക്കുന്ന 10286 പരിഗണിച്ചാലും മലപ്പുറം ജില്ലയിലെ 10990 വിദ്യാർത്ഥികൾക്ക് ഒരിടത്തും അവസരമില്ല എന്നതാണ് യാഥാർഥ്യം.

ശാന്തമായ അന്തരീക്ഷത്തില് പോകുന്ന വിദ്യാഭ്യാസ വകുപ്പിനെ തകര്ക്കാനുള്ള ബോധപൂര്വ്വമായ ശ്രമമാണ് നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം ശിവന്കുട്ടി പറഞ്ഞിരുന്നു. സമരം ചെയ്യുന്നവരുമായി ചര്ച്ചക്ക് തയ്യാറാണെന്നും കണക്കുകള് വെച്ച് ചര്ച്ച ചെയ്യണമെന്നും രാഷ്ട്രീയ പ്രശ്നമാക്കി മാറ്റരുതെന്നും മന്ത്രി അഭ്യർത്ഥിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us