വിദ്യാഭ്യാസമന്ത്രിക്ക് നേരെ കരിങ്കൊടിയുയർത്തി കെഎസ്യു, പ്രതിഷേധം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ

പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

dot image

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി കെഎസ്യു പ്രവർത്തകർ. വഴുതക്കാട് മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിലാണ് പ്രതിഷേധം നടന്നത്. പ്രവർത്തകരെ പൊലീസ് സ്ഥലത്തുനിന്ന് നീക്കി, മന്ത്രിക്ക് വഴിയൊരുക്കി. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് പ്രതിഷേധത്തിൽ മന്ത്രി വി ശിവൻ കുട്ടി പ്രതികരിച്ചു. പത്ത് കെഎസ്യു പ്രവർത്തകരാണ് പ്രതിഷേധിച്ചത്. അവരുടെ സമരരീതി ഇതാണ്, വേറെ ഒന്നും ചെയ്തില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കെഎസ്യു, എംഎസ്എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ ദിവസങ്ങളായി പ്രതിഷേധിക്കുകയാണ്. ഇന്നലെ തലസ്ഥാനത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പൂട്ടിയിട്ടിരുന്നു. ഇരുപതോളം പ്രവർത്തകരാണ് രാവിലെയോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഇവരെയെല്ലാം പൊലീസെത്തി മാറ്റി. ബലപ്രയോഗത്തിലൂടെയാണ് ഇവരെ പുറത്തിറക്കിയത്. മലബാർ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരുന്ന സമരമിപ്പോൾ സംസ്ഥാനത്തുടനീളം വ്യാപിച്ചിരിക്കുകയാണ്.

മലപ്പുറത്തെ ആകെ ഒഴിവുകൾ 21,550 ആണെന്നും 11,083 അൺ എയ്ഡഡ് സീറ്റുകൾ ഒഴിവുണ്ടെന്നുമാണ് മന്ത്രി പുറത്തുവിടുന്ന കണക്കുകൾ. മലപ്പുറത്ത് ഇനി പ്രവേശനം നേടാനുള്ളത് 14,037 പേരാണ്. സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2954 സീറ്റുകൾ മാത്രമാണ് മലപ്പുറത്ത് ഒഴിവ് വരുക. ബാക്കിയുള്ള രണ്ട് അലോട്ട്മെന്റ് കൂടി കഴിയുമ്പോൾ ഇനിയും മാറ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് അലോട്ട്മെന്റുകൾ കഴിഞ്ഞു. ജൂൺ 24-ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. രണ്ട് അലോട്ട്മെന്റുകൾ കൂടിയുണ്ട്. സംസ്ഥാനത്ത് 4,21,621 അപേക്ഷകളാണ് ആകെ ലഭിച്ചത്. മെരിറ്റിൽ 2,68,192 പേർക്ക് അഡ്മിഷൻ നൽകി. സ്പോർട്ട്സ് ക്വാട്ടയിൽ 4336, കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,850 എന്നിങ്ങനെയാണ് പ്രവേശനം നേടിയതെന്നുമാണ് മന്ത്രി നൽകുന്ന കണക്കുകൾ.

എന്നാൽ മന്ത്രി പറയുന്ന കണക്കുകൾ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്നാണ് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറയുന്നത്. മുഴുവൻ വിദ്യാർത്ഥികൾക്കും സീറ്റ് ലഭിക്കുന്നതുവരെ സമര രംഗത്തുണ്ടാകും. മന്ത്രിയെ തെരുവിൽ ഇറക്കാനാകാത്ത വിധം പ്രതിരോധത്തിലാക്കുമെന്നും അലോഷ്യസ് കഴിഞ്ഞ ദിവസം റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us