തിരുവനന്തപുരം: ആഴത്തിൽ ഇറങ്ങിച്ചെന്ന് കാര്യങ്ങൾ ചെയ്യുമെന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മന്ത്രി ഒ ആർ കേളു. ക്ഷേമപദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാൻ മുൻഗണന നൽകും. സഭ കഴിഞ്ഞ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. സർക്കാർ നയത്തിന് അനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കെ രാധാകൃഷ്ണൻ ഒടുവിലായി പുറത്തിറക്കിയ 'കോളനി' ഉത്തരവിന്റെ നിയമവശങ്ങൾ പരിശോധിക്കും. ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കുമെന്നും ഒ ആർ കേളു അറിയിച്ചു. വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ സർക്കാർ ഇടപെടൽ മുൻപ് തന്നെ ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ എംഎൽഎമാരും എംപിയുമായി കൂടിയാലോചിക്കും. മന്ത്രിക്ക് മാത്രം വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും എല്ലാവരും ഒരുമിച്ചുചേർന്നുകൊണ്ട് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് മാനന്തവാടി എംഎൽഎയായ ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. കേരള മന്ത്രിസഭയുടെ ചരിത്രത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രിയാണ് അദ്ദേഹം.
കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് ജയിക്കുകയും മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തതോടെയാണ് ഒ ആർ കേളുവിനെ മന്ത്രിയായി തിരഞ്ഞെടുത്തത്. പട്ടിക ജാതി-പട്ടിക ക്ഷേമ വകുപ്പ് മന്ത്രിയായാണ് അദ്ദേഹം ചുമതലയേൽക്കുക. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എംഎൽഎമാർ സിപിഐഎമ്മിലില്ല. ആദിവാസി വിഭാഗത്തിൽ നിന്നുളള നേതാവാണ്. സിപിഐഎം വർഗബഹുജന സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ പ്രസിഡൻറാണ് കേളു. 2016 ലാണ് ഒ ആര് കേളു ആദ്യം നിയമസഭയിലെത്തിയത്. തുടര്ച്ചയായ 10 വര്ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കുറിച്യ സമുദായത്തില് നിന്നുള്ളയാളാണ് അദ്ദേഹം.
ഒ ആർ കേളു ഇനി മന്ത്രി; സത്യപ്രതിജ്ഞ ചെയ്തു