സർക്കാർ ഹൈസ്കൂളുകളെ ഹയർസെക്കൻഡറിയാക്കും; സീറ്റ് പ്രതിസന്ധിയില് പരിഹാരം, മന്ത്രിയുടെ ഉറപ്പ്

വിഷയം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും അബ്ദുറഹ്മാൻ കൂട്ടിച്ചേര്ത്തു

dot image

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില് പരിഹാര നടപടിയുമായി സംസ്ഥാന സർക്കാർ. സർക്കാർ ഹൈസ്കൂളുകളെ ഹയർസെക്കൻഡറിയാക്കാനാണ് പുതിയ നീക്കം. ഇതില് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി ഉറപ്പു നൽകിയെന്ന് മന്ത്രി വി അബ്ദുറഹ്മാൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. വേണ്ടി വന്നാൽ മലപ്പുറം ജില്ലയിലെ സർക്കാർ ഹൈസ്കൂളുകളെ അപ്ഗ്രേഡ് ചെയ്യുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്. കേരളത്തിൽ ആകെ ഒഴിവു വരുന്ന സീറ്റുകൾ നോക്കി നടപടിയെടുക്കും. വിഷയം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും അബ്ദുറഹ്മാൻ പറഞ്ഞു.

അതേസമയം, മലപ്പുറത്ത് സീറ്റ് പ്രതിസന്ധി ഇല്ലെന്ന മന്ത്രി വി ശിവൻകുട്ടിയുടെ വാദങ്ങളെ പൊളിച്ച് ഹയര്സെക്കൻഡറി ഡയറക്ടറേറ്റിന്റെ കണക്ക് പുറത്തുവന്നിരിക്കുകയാണ്. മൂന്നാംഘട്ട അലോട്ട്മെന്റ് പ്രവേശന നടപടികൾ പൂർത്തിയാക്കിയ ശേഷം ഹയര്സെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച കണക്കുകളാണ് മന്ത്രിയുടെ വാദങ്ങളെ പൊളിച്ചത്. അൺഎയ്ഡഡ് സീറ്റുകൾ കൂട്ടിയില്ലെങ്കിലും മലപ്പുറത്ത് 2954 സീറ്റുകളുടെ കുറവ് മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോൾ അൺഎയ്ഡഡ് കൂട്ടിയാൽ പോലും മലപ്പുറത്ത് പതിനായിരത്തിലധികം വിദ്യാർഥികൾ പുറത്താകുമെന്നതാണ് യാഥാർഥ്യം.

ശാന്തമായ അന്തരീക്ഷത്തില് പോകുന്ന വിദ്യാഭ്യാസ വകുപ്പിനെ തകര്ക്കാനുള്ള ബോധപൂര്വ്വമായ ശ്രമമാണ് നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം വി ശിവന്കുട്ടി പറഞ്ഞിരുന്നു. സമരം ചെയ്യുന്നവരുമായി ചര്ച്ചക്ക് തയ്യാറാണെന്നും കണക്കുകള് വെച്ച് ചര്ച്ച ചെയ്യണമെന്നും രാഷ്ട്രീയ പ്രശ്നമാക്കി മാറ്റരുതെന്നും മന്ത്രി അഭ്യർത്ഥിച്ചിരുന്നു. സീറ്റ് പ്രതിസന്ധിയില് ദിവസങ്ങളായി സംസ്ഥാനത്ത് വിവിധ വിദ്യാര്ത്ഥി സംഘടനകളുടെ നേതൃത്വത്തില് പ്രതിഷേധങ്ങള് നടക്കുകയാണ്.

dot image
To advertise here,contact us
dot image