കൽപ്പറ്റ: വയനാട് കേണിച്ചിറയിൽ ഭീതി പരത്തി വീണ്ടും കടുവ. ഇന്ന് പുലർച്ചെ രണ്ടു പശുക്കളെ കൊന്ന തൊഴുത്തിലാണ് കടുവ വീണ്ടും എത്തിയത്. കടുവയെ മയക്കുവെടിവെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. വനം മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഉത്തരവ്.
ഇന്ന് പുലർച്ചെയാണ് കേണിച്ചിറയിലെ പള്ളിത്താഴെ മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിലെ രണ്ട് പശുക്കളെ കടുവ ആക്രമിച്ച് കൊന്നത്. ഇന്നലെ രാത്രി കിഴക്കേൽ സാബുവിന്റെ മറ്റൊരു പശുവിനേയും കടുവ കൊന്നിരുന്നു. കേണിച്ചിറയില് മൂന്ന് പശുക്കളെയാണ് ഒറ്റ രാത്രികൊണ്ട് കടുവ കൊലപ്പെടുത്തിയത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചു. ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തിയ സാഹചര്യത്തില് കടുവയെ ഉടന് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര് ബീനാച്ചി-പനമരം റോഡ് ഉപരോധിച്ചിരുന്നു. പശുക്കളുടെ ജഡവുമായെത്തിയായിരുന്നു പ്രതിഷേധം. സൗത്ത് വയനാട് ഡിഎഫ്ഒ പി രഞ്ജിത്ത് ജനപ്രതിനിധികളുമായും പ്രതിഷേധക്കാരുമായും ചര്ച്ച നടത്തിയിരുന്നു. നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു 30000 രൂപ നാളെ കര്ഷകര്ക്ക് നല്കും. ഇന്ന് തന്നെ കടുവയെ മയക്കുവെടി വെക്കാനുള്ള നടപടികള് ആരംഭിക്കുമെന്നും ചര്ച്ചയില് ഉറപ്പു നല്കിയിരുന്നു
പിന്നാലെ കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ നടപടികളാരംഭിക്കാന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കിയിരുന്നു. ഇന്ന് തന്നെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഇറങ്ങുമെന്ന് ഡിഎഫ്ഒ ഉറപ്പുനല്കിയതോടെ ബീനാച്ചി - പനമരം റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം നാട്ടുകാര് താത്ക്കാലികമായി അവസാനിപ്പിച്ചത്.