തിരുവനന്തപുരം: വിവാഹേതര ബന്ധങ്ങള് വര്ധിക്കുന്നുവെന്നും തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണെന്നും വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ.പി സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്ബാലഭവനില് നടത്തിയ രണ്ടു ദിവസത്തെ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി സതീദേവി.
ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുള്ള പ്രശ്നങ്ങള് വര്ധിക്കുന്നത് കുടുംബ ബന്ധങ്ങള് തകരുന്നതിനു കാരണമാകുന്നതായും സതീദേവി പറഞ്ഞു. കൂള് എന്ന പേരിലുള്ള ലഹരി വസ്തു കുട്ടികളുടെ ഇടയില് പോലും വ്യാപകമായി ലഭ്യമാകുന്നത് ആശങ്കപ്പെടുത്തുന്നു. ഇതിന്റെ ഉറവിടം കണ്ടെത്തി കര്ശന നടപടി സ്വീകരിക്കണം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികളില് ആവശ്യമായവര്ക്ക് വനിതാ കമ്മിഷന് കൗണ്സലിംഗ് നല്കി വരുന്നുണ്ട്. ലഹരിവസ്തുക്കള്ക്ക് അടിമകളായവരെ ഡി അഡിക്ഷന് സെന്ററുകളിലേക്ക് അയയ്ക്കുന്നുണ്ട്. ജില്ലാ ഹോമിയോ ആശുപത്രിയുടെ ഭാഗമായ സീതാലയം ക്ലിനിക്കുകളില് ലഭ്യമായിട്ടുള്ള കൗണ്സലിംഗും ലഹരിമോചന ചികിത്സയും ആവശ്യമുള്ളവര്ക്ക് വനിതാ കമ്മിഷന് ഇടപെട്ട് ലഭ്യമാക്കുന്നുണ്ടെന്നും സതീദേവി പറഞ്ഞു.
തിരുവനന്തപുരം ജില്ലാതല അദാലത്തില് ലഭിച്ച പരാതികളില് നല്ലൊരു ശതമാനം വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ്. വിവാഹം കഴിഞ്ഞു ചുരുങ്ങിയ കാലയളവിനുള്ളിലാണ് വിവാഹ ബന്ധങ്ങള് തകരുന്നത്. വധുവിന് സ്വന്തം വീട്ടില് നിന്നു വിവാഹ സമയത്ത് ലഭിച്ച സ്വത്തുവകകള് ഭര്ത്താവും ഭര്ത്തൃബന്ധുക്കളും കൈവശപ്പെടുത്തിയെന്നും ഇതു തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതികള് കമ്മിഷനു ലഭിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
വിവാഹ സമയത്ത് ലഭിക്കുന്ന ഭൂസ്വത്ത് ഉള്പ്പെടെ എല്ലാ പാരിതോഷികങ്ങളും വധുവിന് മാത്രം അവകാശപ്പെട്ടതാണെന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാകണം. ഭര്ത്തൃവീട്ടുകാര്ക്ക് നല്കേണ്ടതാണെന്ന ധാരണയിലാണ് ഇതൊക്കെ നല്കുന്നത്. നല്കി കഴിഞ്ഞാല് തന്നെ, പാരിതോഷികമായതു കൊണ്ട് സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിലും വരുന്നില്ല. ഇതു തിരികെ കിട്ടാനുള്ള സാഹചര്യവും ഉണ്ടാകുന്നില്ല.
അതിനാല്, വിവാഹ സമയത്ത് നല്കുന്ന എല്ലാ സ്വത്തുവകകളും പെണ്കുട്ടിയുടെ കുടുംബജീവിതം സുഗമമാക്കുന്നതിന് നല്കുന്നതാണെന്ന ധാരണ നല്കുന്ന ആളുകള്ക്കും ഭര്ത്തൃവീട്ടുകാര്ക്കും ഉണ്ടാകണം. ഇതുസംബന്ധിച്ച് നല്ല ബോധവല്ക്കരണം പൊതുസമൂഹത്തിന് അനിവാര്യമാണെന്ന് കമ്മിഷനു മുന്പാകെ വരുന്ന പരാതികളിലൂടെ മനസിലാക്കുന്നു. വിവാഹ സമയത്ത് പാരിതോഷികമായി നല്കുന്ന സ്വത്തുവകകള്, ആഭരണങ്ങള് തുടങ്ങിയവ സംബന്ധിച്ച് രേഖ ഉണ്ടാക്കി സൂക്ഷിക്കുന്നത് ഉചിതമായിരിക്കുമെന്നും സതീദേവി അഭിപ്രായപ്പെട്ടു.
വിവാഹ പൂര്വ കൗണ്സലിംഗ് നിര്ബന്ധമാക്കുന്നതിന് സര്ക്കാര് നടപടി സ്വീകരിക്കണം. കൗണ്സലിംഗിന് വിധേയമായിട്ടുണ്ടെന്ന സര്ട്ടിഫിക്കറ്റ് വിവാഹ രജിസ്ട്രേഷന് സമയത്ത് ദമ്പതിമാരില് നിന്നു സ്വീകരിക്കുകയും രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് ഒരു പരിധിവരെ പ്രശ്നങ്ങള് ഇല്ലായ്മ ചെയ്യുന്നതിന് സഹായകമാകും. തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടും നിരവധി പരാതികള് വരുന്നുണ്ട്. പല തൊഴില് സ്ഥാപനങ്ങളിലും സ്ത്രീകള്ക്കെതിരായ അതിക്രമം തടയുന്നതിന് നിയമം അനുശാസിച്ചിട്ടുള്ള പരാതി പരിഹാര സംവിധാനമായ ഇന്റേണല് കമ്മറ്റി ഇല്ല എന്ന് നേരത്തെ തന്നെ വനിതാ കമ്മിഷന് സര്ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ട്. എല്ലാ തൊഴില് സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന രൂപത്തിലുള്ള പരാതി പരിഹാര സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് തൊഴില് ഉടമ ഉറപ്പാക്കണം. പരാതി പരിഹാര സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്ന വിവരം നോട്ടീസ് ബോര്ഡില് പ്രദര്ശിപ്പിക്കുകയും എല്ലാ ജീവനക്കാരേയും വിവരം അറിയിക്കുകയും ചെയ്യണം.
രണ്ടു ദിവസത്തെ തിരുവനന്തപുരം ജില്ലാതല അദാലത്തില് 400 പരാതികളാണ് ആകെ പരിഗണനയ്ക്കു വന്നത്. ആകെ 39 പരാതികള് തീര്പ്പാക്കി. 10 പരാതികള് റിപ്പോര്ട്ടിനായും ഏഴു പരാതികള് കൗണ്സലിംഗിനായും അയച്ചു. 344 പരാതികള് അടുത്ത അദാലത്തിലേക്കു മാറ്റി. വനിതാ കമ്മിഷന് അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന് മത്തായി, വി.ആര്. മഹിളാമണി, ഡയറക്ടര് ഷാജി സുഗുണന്, സിഐ ജോസ് കുര്യന്, അഭിഭാഷകരായ രജിത റാണി, സോണിയ സ്റ്റീഫന്, സുമയ്യ, അശ്വതി, സിന്ധു, സൂര്യ, കാവ്യ പ്രകാശ്, സരിത, കൗണ്സലര് ശോഭ, കവിത എന്നിവര് പങ്കെടുത്തു.
'പിണറായി ഏറ്റവും പ്രധാനപ്പെട്ട നേതാവ്'; നേതൃമാറ്റം തള്ളി എം വി ഗോവിന്ദൻ