'ഒരാളെ വിമർശിക്കുന്നത് വ്യക്തിപരമായല്ല', മുഖ്യമന്ത്രിക്കെതിരായ വിമര്ശനത്തില് എ വിജയരാഘവൻ

വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നതിനാലാണ് മുസ്ലിം ലീഗിനെ വിമർശിക്കുന്നത്. സിപിഐഎമ്മിനെതിരെ ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയും പറയുന്ന കാര്യങ്ങളാണ് ലീഗ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്.

dot image

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സിപിഐഎം നേതാവ് എ വിജയരാഘവൻ. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പറയുന്നത് മുസ്ലീം ലീഗ് അധ്യക്ഷൻ അതേ പോലെ പറയുകയാണെന്ന് വിജയരാഘവൻ വിമർശിച്ചു. നരേന്ദ്ര മോദിയുടെ പ്രതിച്ഛായയ്ക്ക് നേരെയുള്ള തിരഞ്ഞെടുപ്പ് ആണ് നടന്നത്. എന്നാൽ, മുസ്ലിം ലീഗ് കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായക്ക് നേരെയുള്ള തിരഞ്ഞെടുപ്പായിട്ടാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിണറായി വിജയനോടും സിപിഐഎമ്മിനോടും വല്ലാത്ത സ്നേഹമുള്ള മാധ്യമ പ്രവർത്തകർ പാർട്ടി അവലോകനങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോർട്ട് ചെയ്യുകയാണ്. കേന്ദ്രത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോറ്റതിൽ അതിശയം ഇല്ല. പിണറായി വിജയൻ വിമർശിക്കപ്പെടുന്നുവെന്ന് വാർത്തകൾ വരുന്നു. വാർത്തക്ക് വേണ്ടി ഓരോ കാര്യങ്ങൾ പടച്ച് വിടുകയാണ്. പാർട്ടി കമ്മറ്റികളിൽ ആകാശത്തിന് താഴെ ഉള്ള മുഴുവൻ കാര്യങ്ങളും ചർച്ചയാകും. ഒരാളെ വിമർശിക്കുന്നത് വ്യക്തിപരമായല്ല.

വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നതിനാലാണ് മുസ്ലിം ലീഗിനെ വിമർശിക്കുന്നത്. സിപിഐഎമ്മിനെതിരെ ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയും പറയുന്ന കാര്യങ്ങളാണ് ലീഗ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്. ലൗജിഹാദിനയും സിപിഐഎമ്മിനെയും ബന്ധിപ്പിച്ച് വരെ സംസാരിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയത പറയുന്നു. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമോ എന്നത് വേറെ കാര്യം.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കും. പഴയ വിദ്യാർത്ഥി നേതാവാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയെന്നും എ വിജയരാഘവൻ പറഞ്ഞു. അതേസമയം,മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നിയമസഭാ മാർച്ച് നടത്താനൊരുങ്ങിയിരിക്കുകയാണ് യൂത്ത് ലീഗ്. വിവിധ പാർട്ടികൾ സമരം നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. വിദ്യാഭ്യാസമന്ത്രി ഭൂമിയിലേക്ക് ഇറങ്ങിയാൽ പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തവരുടെ കരച്ചിൽ കേൾക്കാമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി കണക്കുകാട്ടി പെരുപ്പിക്കുന്നത് നിർത്തണം. വിദ്യാഭ്യാസ മന്ത്രി പറയുന്നത് പെരുപ്പിച്ച കള്ളമാണ്. 70000 കുട്ടികൾ സീറ്റ് ഇല്ലാതെ പുറത്ത് നിൽക്കുകയാണ്. സർക്കാർ എന്തിനാണ് കുട്ടികളെ പഠിപ്പിക്കില്ല എന്ന് പറഞ്ഞു വാശിപിടിക്കുന്നത്? ഭരണസമിതിയിൽ അംഗരക്ഷകർ ഉള്ളവർക്ക് എന്തും പറയാം എന്ന നിലയിലാണ് കാര്യങ്ങളെന്നും ഫിറോസ് ആരോപിച്ചു.

dot image
To advertise here,contact us
dot image