വയനാട്: വയനാട് കോണിച്ചിറയില് കൂട്ടിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വനംവകുപ്പ്. പ്രായാധിക്യം മൂലമുള്ള അവശതകള് കടുവയുടെ മുന് ഭാഗത്തെ പല്ലുകള് കൊഴിഞ്ഞ നിലയിലാണ്. കടുവയുടെ ശരീരത്തില് മുറിവേറ്റ പാടുകള് ഉണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര് പറഞ്ഞു.
ഇന്നലെ പുലര്ച്ചെ രണ്ടു പശുക്കളെ കൊന്ന തൊഴുത്തില് രാത്രിയോടെ വീണ്ടും എത്തിയതോടെയാണ് കടുവ കൂട്ടിലായത്. രാത്രി ഒന്പത് മണിയോട് കൂടിയാണ് കടുവയെത്തിയത്. പ്രദേശത്ത് കടുവയെ വീഴുത്തുന്നതിനായി കൂട് സ്ഥാപിച്ചിരുന്നു. കടുവയുള്ളിടത്ത് പശുവിന്റെ ജഡവുമായാണ് കൂട് സ്ഥാപിച്ചത്.
തോല്പ്പെട്ടി 17 എന്ന 10 വയസ്സുള്ള ആണ്കടുവയാണ് കൂട്ടിലായത്. കൂട്ടില് കുടുങ്ങാതിരുന്ന കടുവയെ നിരവധി തവണ നാട്ടുകാര് കണ്ടതോടെ വനം വകുപ്പിനെതിരെ നാട്ടുകാരില് നിന്ന് വലിയ തരത്തിലുള്ള പ്രതിഷേധം ഉയര്ന്നിരുന്നു. മയക്കുവെടി വെക്കാനായി ഉത്തരവിറങ്ങിയെങ്കിലും ദൗത്യത്തിന് മുന്പേ കടുവ കൂട്ടിലായതോടെ പ്രദേശവാസികളുടെ കടുവ ഭീതിയൊഴിഞ്ഞു. സുല്ത്താന്ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്കാണ് കടുവയെ മാറ്റിയിരിക്കുന്നത്.