മലപ്പുറം: മലബാറിലെ പ്ലസ് വണ് സീറ്റ് പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്ക്കാരിന്റെ അനാസ്ഥയെന്ന് മുന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. സര്ക്കാര് കണക്കുകള് കൊണ്ട് കളിച്ച് വിദ്യാര്ത്ഥികളെ വഞ്ചിക്കുകയാണ്. കുട്ടികളുടെ അവകാശങ്ങളെ നിഷേധിക്കുന്നു. പ്ലസ് വണ്ണിന് ചേരാന് നില്ക്കുന്ന കുട്ടിയോട് മറ്റേതെങ്കിലും കോഴ്സിന് ചേരാന് പറയുകയാണെന്നും അബ്ദുറബ്ബ് റിപ്പോര്ട്ടര് ടിവിയോട് പ്രതികരിച്ചു.
'യുഡിഎഫ് കാലത്ത് സിബിഎസ്ഇ കൂടുതല് സ്കൂളുകള് അനുവദിച്ചു. ഇടതുപക്ഷം ഇവയ്ക്ക് അംഗീകാരം കൊടുത്തിരുന്നില്ല. രണ്ടു ഘട്ടങ്ങളിലായി 1,500 പുതിയ ബാച്ചുകള് യുഡിഎഫ് അനുവദിച്ചു. പരീക്ഷാഫലം വരുമ്പോള് ഇടതുപക്ഷം ആകെ ചെയ്തത് വിദ്യാഭ്യാസ വകുപ്പിനെ കളിയാക്കലായിരുന്നു. ഗോപാലന്റെ പശു പാസ്സായി, വരാന്തയില് നിന്ന കുട്ടി വിജയിച്ചു എന്നൊക്കെ പറഞ്ഞ് പരീക്ഷ സംവിധാനത്തെ കളിയാക്കി. ആ സംവിധാനങ്ങളില് നിന്ന് ഒരു തരി പോലും മാറാതെയാണ് എട്ടു വര്ഷമായി എല്ഡിഎഫ് സര്ക്കാര് മുന്നോട്ട് പോവുന്നത്. വിജയശതമാനത്തില് പോലും ചെറിയ മാറ്റം മാത്രമാണ് വന്നത്.
എട്ടു കൊല്ലമായി പുതിയ ബാച്ചുകളോ സ്കൂളുകളോ കൊടുത്തിട്ടില്ല. പ്ലസ് ടു സീറ്റ് ചോദിക്കുമ്പോള് ഡിപ്ലോമ കോഴ്സുകളില് സീറ്റുണ്ടെന്ന് പറയുന്നത് ശരിയല്ല. അണ്എയ്ഡഡില് ഉള്ളത് പറയാന് സര്ക്കാരിന് അവകാശമില്ല. ഞാന് മന്ത്രിയായിരുന്നപ്പോള് വിദ്യാഭ്യാസ വകുപ്പിനെക്കുറിച്ച് ഇടതുപക്ഷത്തിന് കാര്യമായ കുറ്റം പറയാന് ഉണ്ടായിരുന്നില്ല. പച്ച ബോര്ഡ് വന്നു, പച്ച ബ്ലൗസ് കൊടുത്തു എന്നൊക്കെ പറഞ്ഞായിരുന്നു വിദ്യാര്ത്ഥി സംഘടനകള് സമരം ചെയ്തത്.
യുഡിഎഫ് കാലത്ത് പ്ലസ് വണ് സീറ്റിനു വേണ്ടി ഒരു സമരം പോലും നടന്നിട്ടില്ല. അന്ന് ഇത്രയധികം കുട്ടികള് വിദേശത്തേക്ക് പോകുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. വിദ്യാര്ത്ഥികള്ക്കായി ഹൈസ്കൂളുകളെ ഹയര്സെക്കന്ഡറി ആക്കണം. അല്ലെങ്കില് അധിക ബാച്ചുകള് അനുവദിക്കണം. ഇപ്പോള് പത്താം ക്ലാസ് വിജയിച്ച കുട്ടിക്ക് പോലും ശരിയായ രീതിയില് എഴുതാന് കഴിയില്ലെന്ന് ആക്ഷേപമുണ്ട്. ഭരണകാലത്ത് ഏത് ന്യായമായ കാര്യത്തിനും എസ്എഫ്ഐ സമരം ചെയ്യില്ല. ഭരണമില്ലെങ്കില് മാത്രമേ അവര് സമരം ചെയ്യൂ', അബ്ദുറബ്ബ് പറഞ്ഞു.