തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ് ക്ലാസുകള് ഇന്ന് ആരംഭിക്കും. തിരുവനന്തപുരം കോട്ടണ്ഹില് സ്കൂളില് മന്ത്രി വി ശിവന്കുട്ടിയുടെ നേതൃത്വത്തില് വിദ്യാര്ത്ഥികളെ സ്വീകരിക്കും. സംസ്ഥാനത്തെ 2076 സര്ക്കാര്, എയിഡഡ്, അണ്എയിഡഡ് ഹയര്സെക്കന്ററി സ്കൂളുകളിലാണ് ഇന്ന് പ്ലസ് വണ് ക്ലാസുകള് ആരംഭിക്കുന്നത്. ഇത്തവണ നേരത്തെയാണ് ക്ളാസുകള് തുടങ്ങുന്നത്. കഴിഞ്ഞ വര്ഷം ജുലൈ അഞ്ചിനായിരുന്നു ക്ലാസുകള് ആരംഭിച്ചത്.
ഏകദേശം മൂന്നേകാല് ലക്ഷം വിദ്യാര്ത്ഥികള് സ്ഥിരപ്രവേശനം നേടിയിട്ടുണ്ട്. ഇനിയും അഡ്മിഷന് ലഭിക്കാനുള്ളവര്ക്ക് സപ്ലിമെന്ററി അലോട്മെന്റ് സമയത്ത് അഡ്മിഷന് ലഭിക്കുമെന്നും അത് വളരെവേഗം പൂര്ത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയിലെ പ്ലസ് വണ് പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്ന്നു വന്ന കാര്യങ്ങള് ചര്ച്ച ചെയ്യാന് മുഖ്യമന്ത്രിയുടെ നിര്ദേശപ്രകാരം വിദ്യാര്ത്ഥി സംഘടനകളുടെ യോഗം വിളിച്ചു ചേര്ത്തിട്ടുണ്ട്. യോഗത്തിന്റെ അടിസ്ഥാനത്തില് നടപടി ആവശ്യമെങ്കില് ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം മലബാറിലെ സീറ്റ് പ്രതിസന്ധിയില് പ്രതിഷേധം ശക്തമാവുകയാണ്. സര്ക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിനാണ് വിദ്യാര്ത്ഥി സംഘടനകള് ഒരുങ്ങുന്നത്. എസ്എഫ്ഐ പ്രഖ്യാപിച്ച മലപ്പുറം കളക്ടറേറ്റ് മാര്ച്ച് ഇന്ന് നടക്കും. സര്ക്കാരിനെ സമ്മര്ദ്ദത്തിലാക്കി സമരം കടുപ്പിക്കാനാണ് സമസ്തയുടെയും നീക്കം. മലപ്പുറം വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരിച്ചാണ് സമസ്തയുടെ സമര പ്രഖ്യാപനം.
പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കും; എംപിമാര് സത്യപ്രതിജ്ഞ ചെയ്യും