കൊച്ചി: കൊച്ചിയില് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്ഡ് പരിശോധിച്ച സംഭവത്തില് അതിജീവിതയായ നടിക്കൊപ്പമുള്ളവര് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കുറ്റം ചെയ്തവര്ക്കെതിരെ ഉടന് ക്രിമിനല് കേസെടുക്കണമെന്നാണ് കത്തിലെ ആവശ്യം. മെമ്മറി കാര്ഡ് പരിശോധിച്ചവരെ സര്വീസില് നിന്ന് പുറത്താക്കണമെന്നും കത്തില് ആവശ്യപ്പെടുന്നു. സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖര് ഒപ്പിട്ടതാണ് ചീഫ് ജസ്റ്റിസിന് നല്കിയ കത്ത്.
അതിജീവിതയായ നടിക്കൊപ്പമുള്ളവര് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്കിയ കത്തിന്റെ ഉള്ളടക്കം ഇങ്ങനെ....
കൊച്ചിയില് നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ പരിശോധിക്കപ്പെട്ടുവെന്നാണ് അന്വേഷണ റിപ്പോര്ട്ട്. കുറ്റകൃത്യം ചെയ്തുവെന്ന് വ്യക്തമായാല് ക്രിമിനല് നടപടിക്രമമനുസരിച്ച് കേസ് രജിസ്റ്റര് ചെയ്യണമെന്നാണ് നിയമം. കുറ്റകൃത്യം സംബന്ധിച്ച് വ്യക്തത വന്നിട്ടും ഇക്കാര്യം എറണാകുളം പ്രിന്സിപ്പല് സെഷന്സ് ജഡ്ജി പൊലീസിനെ അറിയിച്ചില്ല. ക്രിമിനല് നടപടിക്രമമനുസരിച്ച് എഫ്ഐആര് രജിസ്റ്റര് ചെയ്യേണ്ട കുറ്റകൃത്യത്തില് നടപടി സ്വീകരിക്കാതിരിക്കുന്നത് വീഴ്ചയാണ്.
കുറ്റകൃത്യം ചെയ്തവരില് ജുഡീഷ്യല് ഓഫീസര്മാരും കോടതി ജീവനക്കാരുമുണ്ട്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്ഡ് പരിശോധിച്ചത് ഗൗരവ സ്വഭാവമുള്ള കുറ്റകൃത്യമാണ്. ഈ സാഹചര്യത്തില് കുറ്റകൃത്യം ചെയ്തവര്ക്കെതിരെ ഉടന് കേസ് രജിസ്റ്റര് ചെയ്യണം. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത സംരക്ഷിക്കാന് നടപടികള് അനിവാര്യമാണ്. പൊതുസമൂഹത്തിന് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നിലനിര്ത്താനും തുടര്നടപടി ആവശ്യമാണ്. നീതിന്യായ സംവിധാനത്തെ തകര്ക്കുന്നതാണ് കുറ്റകൃത്യം ചെയ്തവരുടെ നടപടി. കുറ്റക്കാര്ക്കെതിരെ ഉചിതവും കര്ശനവുമായ നടപടി സ്വീകരിക്കണം. കുറ്റക്കാരായവരെ സര്വീസില് നിന്ന് ഉടന് പുറത്താക്കണം.