Jan 24, 2025
08:47 PM
കണ്ണൂർ: സിപിഐഎം ക്വട്ടേഷൻ സംഘങ്ങളെ സംരക്ഷിക്കുന്ന പാർട്ടിയല്ലെന്ന് മനു തോമസ് വിഷയത്തിൽ പ്രതികരിച്ച് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ നിലപാട് പാർട്ടി സ്വീകരിച്ചതാണ്. പാർട്ടി ക്വട്ടേഷൻ സംഘത്തെ സഹായിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന പ്രചാരവേല ശരിയല്ല. പാർട്ടിയുടെ ഒരു നേതാവും ക്വട്ടേഷൻ സംഘത്തെ സഹായിക്കുന്നില്ല. മാധ്യമ മേഖലയിൽ പ്രചരണം നടത്താൻ ഒരു ക്വട്ടേഷൻ സംഘത്തെയും പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും എം വി ജയരാജൻ പറഞ്ഞു.
മനു തോമസിനെ പാർട്ടി പുറത്താക്കിയിട്ടില്ല. മനു തോമസ് അംഗത്വം പുതുക്കിയില്ല. ഭരണഘടന അനുസരിച്ച് അംഗത്വം പുതുക്കാത്ത ഒരാൾ പാർട്ടി അംഗമാവില്ല. ഒഴിവാക്കിയതല്ല ഒഴിവായതാണെന്നതാണ് സത്യം. ഷാജറിനെതിരെ മനു തോമസ് ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഷാജറിൻ്റെ പേരെടുത്ത് മനു പറഞ്ഞിട്ടില്ല. മനസ് മടുക്കാൻ കമ്യൂണിസ്റ്റ് അല്ലാതെയാവണം. മനു തോമസിൻ്റെ പരാതിയിൽ വസ്തുത ഇല്ല. ഇത് പാർട്ടി പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ഇളവ് നൽകുന്നുവെന്ന വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ചട്ടവും നിയമവും മറികടന്ന് ഒരു കേസിലും ഇളവ് നൽകരുതെന്നാണ് പാർട്ടി നിലപാടെന്ന് എം വി ജയരാജൻ വ്യക്തമാക്കി.
സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായ നേതാവ് മനു തോമസ് ഉന്നയിച്ചത്. സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘവുമായി പാർട്ടിയിലെ ചില നേതാക്കളുടെ അടുത്ത ബന്ധം ഡിവെെഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് കൂടിയായ മനു തോമസ് പാർട്ടിയിൽ പരാതിപ്പെട്ടിരുന്നു. ഇതിൽ ഒരു നടപടിയും പാർട്ടി സ്വീകരിച്ചില്ലെന്നാണ് മനു തോമസിൻ്റെ ആരോപണം. മനസ് മടുത്ത് സ്വയം പാർട്ടിയിൽ നിന്ന് പുറത്ത് പോയതാണെന്നും മനു തോമസ് പറഞ്ഞു. ഈ ആരോപണമാണ് എം വി ജയരാജൻ തള്ളിയിരിക്കുന്നത്.
സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി പാർട്ടിയിലെ ചില നേതാക്കൾക്ക് അവിശുദ്ധ ബന്ധമെന്ന് തെളിവ് സഹിതം പരാതി നൽകിയിട്ടും പാർട്ടി നടപടി സ്വീകരിച്ചില്ലെന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസിൻ്റെ വിമർശനം. സംസ്ഥാന സെക്രട്ടറിക്ക് നേരിട്ട് നൽകിയ പരാതിയും ഇതിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനും പ്രഹസനമായെന്നും മനു തോമസ് തുറന്നടിച്ചു.
പുറത്താക്കിയതല്ലെന്നും മനസ്സ് മടുത്ത് പാർട്ടിയിൽ നിന്ന് സ്വയം പുറത്ത് പോകാൻ തീരുമാനിച്ചതാണെന്നും മനു തോമസ് പ്രതികരിച്ചു. യുവജന കമ്മീഷൻ അധ്യക്ഷനും ഡിവെെഎഫ്ഐ നേതാവുമായ എം ഷാജറിനെതിരെയായിരുന്നു മനു തോമസ് പാർട്ടിയിൽ പരാതി ഉന്നയിച്ചത്. എന്നാൽ പ്രതികരിക്കേണ്ട നിലയില് പ്രധാന്യമുള്ള വിഷയമല്ലെന്നാണ് ഡിവെെഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീം പറഞ്ഞത്. പാർട്ടി ജില്ലാ സെക്രട്ടറി വിഷയത്തിൽ മറുപടി നൽകുമെന്നും റഹീം പറഞ്ഞു. അംഗത്വം പുതുക്കാത്തതിന് ജില്ലാ കമ്മിറ്റിയിൽ നിന്നും മനു തോമസിനെ ഒഴിവാക്കുന്നു എന്നതായിരുന്നു സിപിഐഎം നൽകിയ പാർട്ടി കുറിപ്പിൽ വ്യക്തമാക്കിയത്.
സിപിഐഎം കണ്ണൂര് ജില്ലാ കമ്മിറ്റി അംഗമായ മനു തോമസിനെതിരെ കഴിഞ്ഞ ദിവസമാണ് പാര്ട്ടി നടപടിയെടുത്തത്. പാര്ട്ടി അംഗത്വത്തില് നിന്ന് മനു തോമസിനെ പുറത്താക്കുകയായിരുന്നു. 2023 മുതല് മനു തോമസ് മെമ്പര്ഷിപ്പ് പുതുക്കിയില്ല. 2023 ഏപ്രിൽ 13 ന് ശേഷം ജില്ലാ കമ്മിറ്റി യോഗങ്ങളിലോ മറ്റ് യോഗങ്ങളിലോ പങ്കെടുത്തിരുന്നില്ല. പാർട്ടി അംഗത്വം പുതുക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും മനു തയ്യാറായിരുന്നില്ല. മനു തോമസിനെ മാറ്റിയ ഒഴിവിലേക്ക് ആലക്കോട് ഏരിയാ കമ്മിറ്റി അംഗം സാജൻ ജോസഫിനെ ഉൾപ്പെടുത്താനും പാർട്ടി തീരുമാനിച്ചിരിക്കുകയാണ്.
ഒരു വര്ഷത്തിലധികമായി പാര്ട്ടി യോഗത്തിലും പരിപാടികളില് നിന്നും പൂര്ണ്ണമായി വിട്ടു നിന്നിട്ടും മനു തോമസിനെതിരെ നടപടി എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് മനു തോമസിനെ പുറത്താക്കി തീരുമാനം എടുത്തത്. മെമ്പര്ഷിപ്പ് പുതുക്കാത്തതിനാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണം. ഡിവൈഎഫ്ഐ മുന് കണ്ണൂര് ജില്ലാ പ്രസിഡന്റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു മനു തോമസ്.