തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികളെ ജയില് മോചിതരാക്കാനുള്ള സര്ക്കാര് നീക്കത്തിനെതിരെ ഗവര്ണറെ കാണുമെന്ന് കെ കെ രമ എംഎല്എ. സര്ക്കാരിന് പ്രതികളെ ഭയമാണ്. പ്രതികള്ക്കൊപ്പം നിന്നില്ലെങ്കില് അവരുടെ വെളിപ്പെടുത്തലില് നേതാക്കള് ജയിലില് ആവുമെന്ന ഭയം സംസ്ഥാന നേതൃത്വത്തിനുണ്ട്. കേരളം മുഴുവന് വെറുത്ത പ്രതികളെ സന്തോഷിപ്പിക്കാനും പ്രീതിപ്പെടുത്താനുമാണ് വിട്ടയക്കാനുള്ള തീരുമാനമെന്നും കെ കെ രമ ആരോപിച്ചു. കണ്ണൂര് സെന്ട്രല് ജയില് സുപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണര്ക്ക് അയച്ച കത്തിന്റെ പകര്പ്പ് ഉയര്ത്തിയായിരുന്നു വിമര്ശനം.
സര്ക്കാര് നിര്ദേശ പ്രകാരം വിട്ടയയ്ക്കേണ്ട പ്രതികളുടെ പട്ടിക ജയില് ഉപദേശകസമിതി തയ്യാറാക്കിയപ്പോള് ടി പി കേസിലെ മൂന്ന് പ്രതികളെ അതില് ഉള്പ്പെടുത്തിയിരുന്നു. പൊലീസിന്റെ പ്രൊബേഷന് റിപ്പോര്ട്ട് ലഭിച്ചാല് സര്ക്കാരിന് ഉത്തരവിറക്കാനാകും. അതില് ഗവര്ണര് ഒപ്പിടുന്നതോടെയാണ് പ്രതികള്ക്ക് പുറത്തിറക്കാനാവുക. ഈ സാഹചര്യത്തിലാണ് ഗവര്ണറെ കാണാനുള്ള നീക്കം.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോഴാണ് കണ്ണൂര് സെന്ട്രല് ജയില് സുപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണര്ക്ക് കത്ത് നല്കിയതെന്നും പിന്നില് ഗൂഢാലോചനയുണ്ടെന്നും കെകെ രമ ആരോപിച്ചു. ആരും അറിയാതെ പ്രതികളെ പുറത്തുവിടുകയെന്നതായിരുന്നു സര്ക്കാര് ഉദ്ദേശം. നിങ്ങളുടെ കൂടെയുണ്ടെന്ന് പ്രതികളെ ഓര്മ്മിപ്പിക്കുകയായിരുന്നു സര്ക്കാര്. അതിനാലാണ് പ്രതികളെ പട്ടികയില് തിരുകിക്കയറ്റിയത്. ഈ പ്രതികള്ക്കല്ലാതെ മറ്റൊരു കേസിലെ പ്രതികള്ക്കും ഇങ്ങനെ പരോള് കിട്ടിയിട്ടുണ്ടാവില്ലെന്നും കെ കെ രമ പറഞ്ഞു.
സര്ക്കാര് പ്രതികളെ സംരക്ഷിക്കാന് ശ്രമിച്ചാല് മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവില് ഇറങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്കി. പുറത്തിറങ്ങാനാകാത്ത വിധം പ്രക്ഷോഭങ്ങള്ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് വി ഡി സതീശന് പറഞ്ഞു. ടി പി കേസില് ഒരു വിട്ടുവീഴ്ച്ചയും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ വി ഡി സതീശന് സര്ക്കാര് എന്ത് നടപടി സ്വീകരിച്ചാലും എതിര്ക്കുമെന്നും പറഞ്ഞു.
പ്രതികളെ ജയില് മോചിതരാക്കാനുള്ള സര്ക്കാര് നീക്കം നിയമസഭയില് പ്രതിപക്ഷം ഉന്നയിക്കുകയും അടിയന്തര പ്രമേയത്തിന് അനുമതി തേടുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ടി പി വധക്കേസ് പ്രതികള്ക്ക് ശിക്ഷാ ഇളവ് നല്കുന്നത് സമൂഹത്തിലുണ്ടാക്കുന്ന ആശങ്ക സഭ നിര്ത്തിവെച്ച് ചര്ച്ച ചെയ്യണമെന്നാണ് കെ കെ രമ എംഎല്എ അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. എന്നാല് അത്തരമൊരു നീക്കം നടന്നിട്ടില്ലെന്ന് ബന്ധപ്പെട്ടവര് വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില് നോട്ടീസ് പരിഗണിക്കാന് കഴിയില്ലെന്നും സ്പീക്കര് അറിയിക്കുകയായിരുന്നു. തുടര്ന്ന് പ്രതിപക്ഷം സഭയില് ബഹളമുണ്ടാക്കുകയും പ്ലക്കാര്ഡ് ഉയര്ത്തി നടുത്തളത്തിലേക്ക് ഇറങ്ങുകയുമുണ്ടായി.