മലബാറിലെ പ്ലസ് വണ് സീറ്റ് പ്രതിസന്ധി; യുവജനസമരം, പ്രക്ഷുബ്ദമായി തലസ്ഥാനവും ജില്ലാ കേന്ദ്രങ്ങളും

തലസ്ഥാനത്ത് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനമായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം

dot image

കോഴിക്കോട്: മലബാറിലെ പ്ലസ് വണ് സീറ്റ് പ്രതിസന്ധിയിൽ ഇന്നും വ്യാപക പ്രതിഷേധം. തലസ്ഥാനത്ത് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനമായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. ആയിരത്തോളം പ്രവർത്തകരാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളി ഉള്ളിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി ഉപയോഗിച്ചു. മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു തലസ്ഥാനത്തെ സമരം.

മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നൂറു കണക്കിന് വിദ്യാർത്ഥികളെ വി ശിവൻകുട്ടി പെരുവഴിയിൽ നിർത്തിയെന്നും ടൂർ അടിക്കാനും സ്വിമ്മിംഗ് പൂൾ പണിയാനും പണമുണ്ട്, പുതിയ ബാച്ച് അനുവദിക്കാൻ സർക്കാരിന് പണമില്ല എന്നും പി കെ ഫിറോസ് വിമർശിച്ചു. 'ഇന്നത്തെ ചർച്ചയിൽ പരിഹാരം ഉണ്ടാകണം, ഇന്ന് നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കും. താത്കാലിക ബാച്ച് അല്ല, ശാശ്വതമായ പരിഹാരമാണ് വേണ്ടത്. സർക്കാരിന്റെ കൊങ്ങക്ക് പിടിച്ചു ബാച്ച് അനുവദിപ്പിക്കാൻ യൂത്ത് ലീഗിന് അറിയാം', പികെ ഫിറോസ് പറഞ്ഞു.

തലസ്ഥാനത്തെ യൂത്ത് ലീഗിന്റെ സമരത്തിന് പുറമെ സംസ്ഥാനത്തെ പലയിടങ്ങളിലും പ്രതിഷേധം ഇരമ്പി. പലതും സംഘർഷങ്ങളിലേക്ക് വഴിമാറി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തിയായിരുന്നു മലപ്പുറത്ത് ഫ്രറ്റേണിറ്റിയുടെ കളക്ട്രേറ്റ് മാർച്ച്. ഫ്രറ്റേണിറ്റിപ്രവർത്തകരുടെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴി വെച്ചതോടെ നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

കോഴിക്കോട് ഫ്രറ്റേണിറ്റിയും എസ്ഡിപിഐയും ആർഡിഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ബിജെപി കോഴിക്കോട് ഡിഡി ഓഫീസിലേക്ക് നടത്തിയ മാർച്ചും സംഘർഷത്തിലാണ് കലാശിച്ചത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ എസ് യു നടത്തിയ തൃശ്ശൂർ ഡി ഇ ഒ ഓഫീസ് ഉപരോധത്തിലും സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

സപ്ലൈകോയില് 'ഫിഫ്റ്റി ഫിഫ്റ്റി' ഓഫർ; പദ്ധതി അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us