കൊളോണിയല് സംസ്കാരം തുടരാനാവില്ല, ജനങ്ങളെ പേടിപ്പിക്കാനുള്ള സേനയല്ല പൊലീസ്: ഹൈക്കോടതി

പൊലീസ് സ്റ്റേഷനില് വരാന് പൊതുസമൂഹത്തിന് ഭയമുണ്ടാക്കരുതെന്നും ഹൈക്കോടതി നിര്ദേശിച്ചു.

dot image

പാലക്കാട്: ആലത്തൂരില് അഭിഭാഷകനെ എസ്ഐ അപമാനിച്ച സംഭവത്തില് പൊലീസിനെതിരെ വിമര്ശനവുമായി ഹൈക്കോടതി. കൊളോണിയല് സംസ്കാരം പൊലീസിന് തുടരാനാവില്ലെന്ന് ഹൈക്കോടതി നിര്ദേശിച്ചു. ജനങ്ങളെ പേടിപ്പിക്കാനുള്ള സേനയല്ല പൊലീസ്. പൊലീസ് സ്റ്റേഷനില് വരാന് പൊതുസമൂഹത്തിന് ഭയമുണ്ടാക്കരുതെന്നും ഹൈക്കോടതി നിര്ദേശിച്ചു.

മറ്റേതൊരു സര്ക്കാര് ഓഫീസുപോലെയും ജനങ്ങള് വരേണ്ട ഇടമാണ് പൊലീസ് സ്റ്റേഷന്. ഭരണഘടനാനുസൃതമായി പൊലീസ് ജനങ്ങളോട് പെരുമാറണം. പൊലീസ് ഓഫീസര്മാര് മാന്യന്മാരായിരിക്കണം. പൊലീസ് നടപടികളില് സുതാര്യത വേണമെന്നും ഹൈക്കോടതി കൂട്ടിച്ചേര്ത്തു.

കേസില് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേരത്തെയും പൊലീസിനെതിരെ വിമർശനം നടത്തിയിരുന്നു. ആലത്തൂർ മുൻ എസ്ഐ വി ആർ റനീഷിനെതിരായായിരുന്നു കോടതിയലക്ഷ്യ നടപടി. പൊലീസിനെതിരെയും സർക്കാരിനെതിരെയുമായിരുന്നു വിമര്ശനം. നടപടി നേരിടുന്ന എസ്ഐയുടെ സത്യവാങ്മൂലം സർക്കാർ നൽകിയത് തെറ്റെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ആത്മവീര്യം സംരക്ഷിക്കാൻ തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടതെന്നും അന്ന് കോടതി ചോദിച്ചു. ഡിജിപിയുടെ സർക്കുലറിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? ചെയ്ത തെറ്റിന് നടപടി എടുത്താൽ എങ്ങനെ പൊലിസിൻ്റെ ആത്മവീര്യം നഷ്ടപ്പെടും? ആ ആത്മവീര്യം അത്ര ദുർബലമാണെങ്കിൽ പോകട്ടെ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു. പദവിയിൽ ഇരുന്ന് തെറ്റ് ചെയ്യുന്നവർ ആ പദവിയിൽ തുടരാൻ യോഗ്യനല്ല. തെറ്റ് ചെയ്തയാളെ ഡിജിപി പിന്തുണയ്ക്കുന്നത് എന്തിനെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

dot image
To advertise here,contact us
dot image