തിരുവനന്തപുരം: റിസര്വ് ബാങ്ക് കേരള ബാങ്കിന്റെ റേറ്റിംഗ് 'ബി'യില് നിന്ന് 'സി'യിലേക്ക് മാറ്റിയത് സ്ഥാപനത്തിന്റെ പ്രവര്ത്തനത്തെ ബാധിക്കില്ലെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്, സിഇഒ ജോര്ട്ടി എം ചാക്കോ എന്നിവര് അറിയിച്ചു. സഹകരണ ബാങ്കുകളുടെ സൂപ്പര്വൈസര് എന്ന നിലയില് നബാര്ഡ് എല്ലാ വര്ഷവും കേരള ബാങ്കില് പരിശോധന നടത്താറുണ്ട്. സാധാരണ നടപടിക്രമം മാത്രമാണിതെന്നും മാനേജ്മെന്റ് പറഞ്ഞു.
2022-23 സാമ്പത്തിക വര്ഷത്തെ പരിശോധനയെ തുടര്ന്ന് നടത്തിയ റേറ്റിങ്ങിലാണ് റേറ്റിങ് 'ബി' 'സി' ആയത്. ഇതോടെ ബാങ്ക് അനുവദിക്കുന്ന വ്യക്തിഗത വായ്പകള്, മോര്ട്ട്ഗേജ് വായ്പകള് എന്നിവയുടെ പരാമവധി പരിധി 40 ലക്ഷം രൂപയില് നിന്ന് 25 ലക്ഷം രൂപയായി കുറയുക മാത്രമാണ് ചെയ്തതെന്നും മാനേജ്മെന്റ് പറഞ്ഞു.
ബാങ്കിന് 48,000 കോടി രൂപയുടെ വായ്പയുണ്ട്. ഇതില് ഏകദേശം മൂന്ന് ശതമാനം വായ്പകള് മാത്രമാണ് വ്യക്തിഗത വായ്പകള്, മോര്ട്ട്ഗേജ് വായ്പകള് എന്നിവ. അതിനാല് ബാങ്കിന്റെ നിക്ഷേപത്തെയോ, പ്രധാന വായ്പകളായ കാര്ഷിക വായ്പ, അംഗ സംഘങ്ങള്ക്കുള്ള വായ്പ, ചെറുകിട സംരഭ വായ്പ, ഭവന വായ്പ എന്നിവയെ ബാധിക്കില്ലെന്നും മാനേജ്മെന്റ് വാര്ത്തക്കുറിപ്പിലൂടെ അറിയിച്ചു.