തിരുവല്ല: പത്തനംതിട്ടയെ ഭീതിയിലാഴ്ത്തി തെരുവ് നായകൾ. ഈ വർഷം ഇതുവരെ തെരുവ് നായയുടെ കടിയേറ്റത് 1,257 പേർക്ക്. തെരുവ് നായകളെ നിയന്ത്രിക്കാനുള്ള എബിസി പദ്ധതി ഒന്നുപോലും ജില്ലയിൽ പ്രവർത്തിക്കുന്നില്ല. ജില്ലയിലെ ചെറുപട്ടണങ്ങളെല്ലാം തെരുവുനായ ഭീതിയിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജില്ലയിൽ 50,823 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
പത്തനംതിട്ട കുമ്പഴയിൽ നഗരസഭ ഓപ്പൺ സ്റ്റേജിലാണ് തെരുവുനായകളുടെ സങ്കേതം. മഴപെയ്താൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ഒരിടത്ത് തമ്പടിക്കും. ഇവയെ പേടിച്ച് പുറത്തിറങ്ങാൻ ഭയമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം ഒരു പേപ്പട്ടി മറ്റ് തെരുവ് നായ്ക്കളെ കടിച്ചതായും നാട്ടുകാർ പറയുന്നു.
റോസ്റ്റഡ് വെളിച്ചെണ്ണ, മസാലയിട്ട മരച്ചീനി...;അമേരിക്കന് വിപണി കീഴടക്കാന് മലയാളിയുടെ വിഭവങ്ങള്കഴിഞ്ഞവർഷം പത്തനംതിട്ട ജില്ലയിൽ 14,184 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. 2022 ൽ 14,898 പേർക്കും 2021 ൽ 11,381 പേർക്കും 2020 ൽ 9,103 പേർക്കും തെരുവ് നായയുടെ കടിയേറ്റു. ഈ മാസം കലഞ്ഞൂരിലും പരിസരപ്രദേശങ്ങളിലും ഇരുപത്തഞ്ചോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. അടൂർ, പന്തളം, കുളനട തുടങ്ങിയ സ്ഥലങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. ഒരു പരിഹാരം എന്ന നിലയിൽ തിരുവല്ല പുളിക്കീഴിൽ ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്.