തിരുവനന്തപുരം: നിയമസഭാ സ്പീക്കര് എ എന് ഷംസീറിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്ത്. ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്ക്ക് ശിക്ഷാ ഇളവ് നല്കുന്നതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്കാതെ തള്ളിയ സ്പീക്കറുടെ നടപടിക്രമത്തിലെ അനൗചിത്യം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കത്ത്.
അനുമതി നിഷേധിച്ച് സ്പീക്കര് നടത്തിയ പരാമര്ശം അനൗചിത്യമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മറുപടി പറയേണ്ടത് സ്പീക്കറല്ലെന്നും മുഖ്യമന്ത്രിയാണെന്നും കത്തില് വി ഡി സതീശന് പരാമര്ശിച്ചു. സര്ക്കാര് പറയേണ്ട മറുപടി സ്പീക്കര് പറഞ്ഞത് ഉചിതമായില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്കാതെ തള്ളിയതിനെ തുടര്ന്ന് സ്പീക്കറുടെ റൂളിങ്ങിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് നിയമസഭയിൽ എഴുന്നേറ്റ് നിന്നിരുന്നു. സര്ക്കാരിന് വേണ്ടി സ്പീക്കര് മറുപടി പറയുകയാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ വി ഡി സതീശന് പ്രസംഗം തുടങ്ങിയപ്പോള് പ്രതിപക്ഷ നേതാവിനോട് ബഹുമാനമുണ്ടെങ്കിലും ഇക്കാര്യത്തില് ഇതിനപ്പുറം സംസാരിക്കാനാകില്ലെന്നും ഈ വിഷയം ചര്ച്ച ചെയ്യാനവാകില്ലെന്നും പറഞ്ഞ് സ്പീക്കര് മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങള് നടുത്തളത്തിലിറങ്ങിയിരുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നല്കാത്തതിലായിരുന്നില്ല വിവാദം, അനുമതി നല്കാത്തതിന് സ്പീക്കര് പറഞ്ഞ വാക്കുകളായിരുന്നു. ഇത് സര്ക്കാര് പറയേണ്ടതല്ലെന്നുമായിരുന്നു പ്രതിപക്ഷം ആരോപിച്ചത്.