കണ്ണൂര്: കണ്ണൂര് പാര്ട്ടിക്കകത്ത് സ്വര്ണ്ണക്കടത്തും വന് സാമ്പത്തിക ഇടപാടും മാഫിയ പ്രവര്ത്തനുമാണ് നടക്കുന്നതെന്ന് മുന് ഡിവൈഎഫ്ഐ നേതാവ് മനു തോമസ് 'റിപ്പോര്ട്ടറി'നോട് പറഞ്ഞു. 'ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാട്' എന്ന ചർച്ചക്കിടെയായിരുന്നു മനു തോമസിൻ്റെ പ്രതികരണം. പാര്ട്ടികത്തെ ശരിയല്ലാത്ത കാര്യങ്ങള് എതിര്ക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഇതിന് ഉത്തരം പറയേണ്ടത് പി ജയരാജനും കണ്ണൂര് ജില്ലാ നേതൃത്വവുമാണെന്നും മനു തോമസ് വ്യക്തമാക്കി. പാര്ട്ടിയിലായിരുന്നപ്പോള് ചില കാര്യങ്ങളില് നിശബ്ദനായി നില്ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്, ഇപ്പോള് എന്റെ ആരോപണം വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിലല്ല. തുറന്നു പറച്ചിലിന്റെ പേരില് തനിക്ക് ഭീഷണി കോള് വന്നിട്ടുണ്ട്. ഭീഷണി സന്ദേശവും. വിദേശത്തുനിന്നുപോലും ഭീഷണി കോളും സന്ദേശവും വന്നു. എന്നാല്, ഈ കാലഘട്ടത്തിൽ ഉണ്ടാകുന്ന ശരിയല്ലാത്ത കാര്യങ്ങള് എതിര്ക്കുക മാത്രമാണ് ഞാന് ചെയ്തത്. എന്റെ അഭിപ്രായ പ്രകടനം പാര്ട്ടി സംഘടനയെ നന്നാക്കാന് വേണ്ടിയാണ്. കണ്ണൂര് ജില്ലാ പാര്ട്ടിക്കകത്ത് വലിയ നിശബ്ദത ഉണ്ടായി. അതു പേടിയുടേതാണോ എന്ന് സംശയിക്കേണ്ടിവരും. ഈ കാലഘട്ടത്തിലാണ് പാര്ട്ടിയില് വൈകൃതങ്ങളെല്ലാം സംഭവിച്ചതെന്നും മനു തോമസ് പറഞ്ഞു.
ഇപ്പോള് ആരുവിളിച്ചാലും താന് ഫോണ് ഏടുക്കാറില്ല. നേതൃത്വവുമായി സംസാരിച്ചിട്ട് കാര്യമില്ല. എം ഷാജറിന് സ്വര്ണ്ണക്കടത്ത് ബന്ധമുണ്ടെന്ന് പാര്ട്ടി നേരത്തെ കണ്ടെത്തിയിരുന്നു. എന്നിട്ടും നടപടിയുണ്ടായിട്ടില്ല. ഇതിന് പാര്ട്ടിക്ക് പരിമിതിയുണ്ട്. പാര്ട്ടിക്ക് പരിക്കേല്ക്കുമെന്ന പരിമിതിയാണത്. പക്ഷെ ആ പരിമിതി തിരുത്താതെ മുന്നോട്ടുപോയാല് പാര്ട്ടിയെ ജനങ്ങള്ക്ക് എങ്ങനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാന് കഴിയുമെന്ന് നേതൃത്വം പരിശോധിക്കണം. കൊല്ലുന്നത് ഭീരുക്കളുടെ നിലപാടാണ്. പാര്ട്ടി പല ആളുകളെയും കൊല്ലുന്നത് സംവദിക്കാന് കഴിയാത്തതുകൊണ്ടാണ്. പാര്ട്ടി അധോലോക സംവിധാനമായി മാറിയിട്ടുണ്ട്. അത് എത്രമാത്രം നിയന്ത്രിക്കാന് പറ്റുമെന്നും ആരെയൊക്കെ പിടിച്ചുകെട്ടാന് കഴിയുമെന്നും കരുതുന്നില്ല. കാലഘട്ടത്തിന്റെ ശാപമായി രാഷ്ട്രീയ മാഫിയ വളര്ന്നു. ഇത് അവസാനിപ്പിക്കണം. ഈ പ്രവര്ത്തനം കൊണ്ട് മുന്നോട്ടുകൊണ്ടുപോകാന് കഴിയില്ല. ഭീഷണി മൂലം പുറത്തിറങ്ങാന് പേടിയില്ല. ജയില്വാസം അനുഭവിച്ച് രാഷ്ട്രീയ പ്രവര്ത്തനം നടത്തിയ ആളാണ് താന്. പേടിച്ചിട്ട് അഭിപ്രായം പറയാതിരിക്കുന്ന ആളല്ല താനെന്നും മനു തോമസ് പറഞ്ഞു.
ഈ സര്ക്കാര് കൊലപാതക രാഷ്ട്രീയം നിര്ത്തലാക്കാന് ശ്രമിച്ചിട്ടുണ്ട്. ഒരു പരിധിവരെ അത് വിജയിച്ചു. പക്ഷേ ഇത് നേരത്തെ വേണമായിരുന്നു. ഇപ്പോള് നടക്കുന്നത് കയ്യൂര്, കാവുമ്പായി സമരപോലെയൊന്നുമല്ല. ഇതെല്ലാം പവര് പൊളിറ്റിക്സിന്റെ ഭാഗമാണ്. സാമ്പത്തിക ഇടപാടാണ് ഇവിടെ നടക്കുന്നത്. ഒരു സ്വര്ണ്ണക്കടത്തിലൂടെ ഇതിലെ കണ്ണികളായവര്ക്കും കൂട്ടുനില്ക്കുന്ന പാര്ട്ടി നേതാക്കള്ക്കും ലക്ഷങ്ങളാണ് ലഭിക്കുന്നത്. അതിന് ആരെ വകവരുത്തണമെങ്കിലും അവര് അത് ചെയ്യും.
ഷാജര് കമ്മീഷന് അടിക്കുന്ന ചെയര്മാന്; മനുവിന്റെ ആരോപണം ഗുരുതരം: യൂത്ത് കോണ്ഗ്രസ്കണ്ണൂരിന്റെ പലഭാഗങ്ങളിലും ഇത് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വ്യാജ അപകടങ്ങള് വരെ സൃഷ്ടിക്കുന്നുണ്ട്. കണ്ണൂര്, കര്ണ്ണാടക സംസ്ഥനത്തിന്റെ അതിര്ത്തിയായ വീരാജ്പേട്ട ഭാഗത്ത് വ്യാജ അപകടം ഉണ്ടാക്കിയത് സ്വര്ണ്ണക്കടത്തിന്റെ ഭാഗമാണ്. വാഹനത്തിലുണ്ടായിരുന്നവരുടെ പണം അക്രമികള് തട്ടിപ്പറിച്ചു. ഇത്തരം അറിയപ്പെടാത്തെ സംഭവങ്ങള് നിരവധിയാണ്. ജയിയലിനകത്ത് നിന്ന് പോലും ക്വട്ടേഷന് സംഘങ്ങള് സാമ്പത്തിക ഇടപാടടക്കം നിയന്ത്രിക്കുന്നുണ്ട്. പുതിയ തലമുറ ഈ സാധ്യതകള് കണ്ട് പാര്ട്ടിയിലേക്ക് കടന്നുവരും. ഭാവിയില് പാര്ട്ടി ഇക്കാര്യങ്ങളൊന്നും തിരുത്തപെടാത്ത സാഹചര്യത്തില് ഇതില് കൂടുതല് പറയേണ്ടി വരുമെന്നും മനു തോമസ് പറഞ്ഞു.