തിരുവനന്തപുരം: ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയെന്ന് കെ കെ രമ എംഎൽഎ. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. വിഷയം വിവാദമായപ്പോൾ സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കെ കെ രമ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ജയില് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന് ഉത്തരവിട്ടത്. കണ്ണൂര് സെന്ട്രല് ജയില് സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുണ്, അസിസ്റ്റന്റ് പ്രിസണ് ഓഫീസര് ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്വീസില് നിന്ന് സസ്പെന്റ് ചെയ്യാന് ഉത്തരവിട്ടത്.
ടി പി വധക്കേസിലെ ശിക്ഷാ ഇളവിൽ പ്രതിപക്ഷം നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കാനിരിക്കെയായിരുന്നു സസ്പെൻഷൻ ഉത്തരവ്. ഇതോടെ സ്പീക്കർ എ എൻ ഷംസീർ പ്രതിരോധത്തിലായി. ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കം ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സ്പീക്കർ സഭയിൽ പറഞ്ഞത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തയ്യാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേര് ഉൾപ്പെട്ടിരുന്നത്. സർക്കാർ നിർദേശ പ്രകാരം വിട്ടയയ്ക്കേണ്ട പ്രതികളുടെ പട്ടിക ജയില് ഉപദേശകസമിതി തയ്യാറാക്കിയപ്പോള് ടി പി കേസിൽ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരെ ഉള്പ്പെടുത്തുകയായിരുന്നു.