തിരുവനന്തപുരം: പ്രാദേശിക സര്ക്കാരുകളെ അസ്ഥിരപ്പെടുത്താന് രണ്ടാം പിണറായി സര്ക്കാര് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് പണം നല്കാതെ കഴുത്തു ഞെരിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. എന്നാല് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്ക്കാരിന്റെ നിയന്ത്രണമാണെന്ന് മന്ത്രി എം ബി രാജേഷ് മറുപടി നല്കി.
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്ത്തനം സ്തംഭനാവസ്ഥയിലേക്ക് പോകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിനു അവതരണാനുമതി തേടിയത്. ടി സിദ്ദിഖ് എംഎല്എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയത്. ഓരോ വര്ഷം കഴിയുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടില് കുറവ് വരികയാണ്. ട്രഷറിയില് പണമിടപാട് നിര്ത്തിവെച്ച ശേഷമാണ് സര്ക്കാര് പണം അനുവദിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രാദേശിക സര്ക്കാരുകളെ അസ്ഥിരപ്പെടുത്താന് രണ്ടാം പിണറായി സര്ക്കാര് പലവിധത്തില് ശ്രമിച്ചു. യഥാസമയത്ത് ഫണ്ട് നല്കിയില്ലെന്ന് ടി സിദ്ദിഖ് ആരോപിച്ചു. ഫണ്ട് പ്രഖ്യാപിച്ചാലും ട്രഷറിക്ക് നിയന്ത്രണം ഏര്പ്പെടുത്തുന്നു. തദ്ദേശ സ്ഥാപനങ്ങള്ക്ക് വകയിരുത്തുന്ന തുക പോലും കുറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്ഷം 14 ശതമാനത്തിന്റെ കുറവ് വന്നു. തദ്ദേശസ്ഥാപനങ്ങളുടെ നിലനില്പ്പ് തന്നെ അപകടകരമായ സാഹചര്യം നേരിടുന്നു. സര്ക്കാരിന്റെ പരിപാടികള്ക്ക് പണം വാങ്ങുന്ന കറവപശുക്കളായി തദ്ദേശ സ്ഥാപനങ്ങള് മാറിയെന്നും ടി സിദ്ദിഖ് ആരോപിച്ചു.
അധികാര വികേന്ദ്രീകരണം തകര്ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. കഴിഞ്ഞ ആറാം തീയതി നടന്ന വികേന്ദ്രീകൃതാസൂത്രണ കോ ഓര്ഡിനേഷന് കമ്മിറ്റിയുടെ യോഗത്തിന്റെ മിനുട്ട്സ് പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു. കണക്ക് വെച്ചുള്ള കള്ളത്തരമാണ് സര്ക്കാര് പറയുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥിതി ദയനീയമാണെന്നും വി ഡി സതീശന് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ കേരളത്തോടുള്ള സമീപനമാണെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ മറുപടി. എന്നിട്ടും തദ്ദേശസ്ഥാപനങ്ങളെ പരമാവധി പരിഗണിച്ചുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസമീപനത്തില് ഇപ്പോഴും മാറ്റമൊന്നുമില്ല. അനുവദനീയമായ വായ്പാ പരിധിയും വെട്ടിച്ചുരുക്കിയിരിക്കുകയാണ്. അസാധാരണ സഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. സാമ്പത്തിക വാര്ഷികാവസാനം തദ്ദേശസ്ഥാപനങ്ങള് സമര്പ്പിച്ച ചില ബില്ലുകള് മാറാന് കഴിഞ്ഞിരുന്നില്ല. ആ ബില്ലുകള് ഇപ്പോള് മാറിക്കൊണ്ടിരിക്കുകയാണ്. 3000-ല് അധികം കോടി രൂപ ഈ സാമ്പത്തിക വര്ഷം ഇതിനോടകം നല്കി. തദ്ദേശസ്ഥാപനങ്ങള്ക്ക് ഫണ്ട് നല്കുന്നതില് ആത്മാര്ത്ഥ സമീപനമാണ് സര്ക്കാരിന്. വിഹിതം കുറയ്ക്കാതിരിക്കാന് പ്രത്യേക ശ്രദ്ധയും പുലര്ത്തിയിട്ടുണ്ട്. വികസന ക്ഷേമ പ്രവര്ത്തനങ്ങളില് അടക്കം കുറവ് വരുത്താതിരിക്കാന് ശ്രദ്ധിച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
'അടിയന്തരാവസ്ഥ ഭരണഘടനക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണം': സഭകളെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി