മക്കിമലയിൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ; ബോംബുകൾ എവിടെ നിന്ന് ലഭിച്ചെന്നതിൽ അന്വേഷണം, കനത്ത ജാഗ്രത

ഉഗ്രപ്രഹരശേഷിയുള്ള ബോംബുകൾ എവിടെ നിന്ന് ലഭിച്ചെന്നതിൽ അന്വേഷണം തുടരുകയാണ്

dot image

കൽപ്പറ്റ: തലപ്പുഴയിൽ മാവേയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കി തണ്ടർബോൾട്ടും പൊലീസും. മക്കിമലയിൽ കുഴിച്ചിട്ട ഉഗ്രപ്രഹരശേഷിയുള്ള ബോംബുകൾ എവിടെ നിന്ന് ലഭിച്ചെന്നതിൽ അന്വേഷണം തുടരുമ്പോൾ കനത്ത ജാഗ്രതയിലാണ് മേഖല. കബനീദളത്തിലെ അഭിപ്രായ ഭിന്നതയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയോടെ വിക്രം ഗൗഡയുടെ നേതൃത്വത്തിൽ അന്യസംസ്ഥാനക്കാരായ മാവോയിസ്റ്റുകൾ കേരളം വിട്ടെന്ന വിവരം പുറത്തുവന്നിരുന്നു. സി പി മൊയ്തീൻ, കൽപ്പറ്റ സ്വദേശി സോമൻ, തൃശ്ശൂർ സ്വദേശി മനോജ്, ആഷിക്, എന്നീ മാവോയിസ്റ്റുകളാണ് കബനീദളത്തിൽ ഇനി അവശേഷിക്കുന്ന നാല് പേരെന്നാണ് സൂചന.

മക്കിമലയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ നിർമിക്കാനായി മാവോയിസ്റ്റുകൾക്ക് എവിടെ നിന്നാണ് ഇവ ലഭിച്ചതെന്ന ചോദ്യത്തിന്റെ ഉത്തരമാണ് പൊലീസ് ഇപ്പോൾ തേടുന്നത്. ഇതര സംസ്ഥാനക്കാർ കേരളം വിട്ടതും, മാവോയിസ്റ്റ് അംഗം സുരേഷിനു കാട്ടാന ആക്രമണമേറ്റതും ചന്ദ്രുവും ഉണ്ണി മായയും പിടിയിലായതും തുടങ്ങി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കമാൻഡർ അംഗം കവിതയുടെ മരണവുമെല്ലാം സംഘടനയുടെ അംഗബലം കുറയാൻ കാരണമായി എന്നായിരുന്നു പൊലീസ് നിഗമനം. കവിതയുടെ മരണത്തിന് പകരം ചോദിക്കും എന്ന് പോസ്റ്ററുകളും പതിച്ചിരുന്നു. സംഘടന നിർജീവമല്ല എന്ന് തെളിയിക്കാനായി മാവോയിസ്റ്റുകൾ നടത്തിയ നീക്കമായാണ് മക്കിമലയിൽ സ്ഫോടന വസ്തുക്കൾ സ്ഥാപിച്ചതെന്നും സൂചനകളുണ്ട്.

തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള തലപ്പുഴയിൽ വനം വകുപ്പ് വാച്ചർമാർ പരിശോധനയ്ക്കിടെയാണ് ബോംബ് കണ്ടെത്തിയത്. വൈകാതെ തണ്ടർബോൾട്ട് സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കിയിരുന്നു. ഉഗ്രപ്രഹരശേഷിയുള്ള രണ്ട് ബോംബുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. സ്ഫോടക വസ്തുവിൽ നിന്നുള്ള വയർ 150 മീറ്റർ അകലെ ഉൾവനത്തിലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. അഞ്ച് കിലോയുടെ സിലിൻഡ്രിക്കൽ ഐഇഡിയാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. എട്ട് ജലാറ്റിൻ സ്റ്റിക്കുകൾ അടങ്ങിയ ബോംബാണ് കണ്ടെത്തിയത്.

dot image
To advertise here,contact us
dot image