തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയതായി ധനകാര്യ മന്ത്രി കെ എന് ബാലഗോപാല് അറിയിച്ചു. നേരത്തെ കേരളത്തിന്റെ ആവശ്യങ്ങള് ചൂണ്ടിക്കാട്ടി കത്ത് കൊടുത്തിരുന്നു. പുതിയ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും കേരളത്തിന് പിന്തുണ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിന്റെ കടബാധ്യതയില് വലിയ കുറവ് വന്നിട്ടുണ്ട്. വരുമാനം വര്ദ്ധിച്ചിട്ടുണ്ട്. പത്താം ധനകാര്യ കമ്മീഷന്റെ ഭാഗത്ത് നിന്നും കിട്ടിയതിന്റെ നേര്പകുതിയെ ഇപ്പോള് കിട്ടുന്നുള്ളുവെന്നും ബാലഗോപാല് അറിയിച്ചു.
കേന്ദ്ര നയങ്ങളുടെ ഭാഗമായുള്ള പ്രശ്നങ്ങള് അവരോട് ചൂണ്ടിക്കാട്ടി. കെഎസ്ആര്ടിസിയില് ശമ്പളം രണ്ടുപ്രാവശ്യമായി കൊടുത്തതാണ് പ്രശ്നം എന്നതില് അര്ത്ഥമില്ല. പൊതുമേഖല സ്ഥാപനങ്ങള്ക്കെല്ലാം പണം കൊടുക്കാന് സാധാരണ രീതിയില് കഴിയുന്നതല്ല. കേരളം മാത്രമാണ് ഇത്രയും ചെയ്തത്. എല്ലാ ഫണ്ടും ഒരുമിച്ച് എടുക്കാന് സാധിക്കാത്തതുകൊണ്ടാണ് രണ്ടുവട്ടം ആയത്. കെടിഡിസിക്കും കെഎസ്ആര്ടിസിക്കുമായി 650 കോടി രൂപ കഴിഞ്ഞ മാര്ച്ചില് കൊടുത്തതാണെന്നും മന്ത്രി പറഞ്ഞു.
സില്വര് ലൈന് പദ്ധതിക്ക് കേന്ദ്രസര്ക്കാര് ഒറ്റയടിക്ക് അനുവാദം തരുമെന്ന് പ്രതീക്ഷിക്കുന്നില്ല. സില്വര് ലൈന് ഒരു ദീര്ഘകാല പദ്ധതിയാണ്. നിലവില് വന്ദേഭാരത് പോലുള്ള ട്രെയിനുകള് കൂടുതല് വന്നാല്മതിയെന്നും മന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയത്തെ മാനിക്കുന്നു; ഇപ്പോള് പോകുന്നത് പോലെ പോര; ബിനോയ് വിശ്വം