ജയരാജന് വേണ്ടി അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും എന്തിന് പ്രതിരോധം തീര്ക്കുന്നു; മനു തോമസ്

'കാര്യങ്ങള് പെട്ടെന്ന് കൈകാര്യം ചെയ്യാന് പാര്ട്ടി ക്വട്ടേഷന് സംഘാഗങ്ങളെ ഏല്പ്പിച്ചിട്ടുണ്ടോ'

dot image

കണ്ണൂര്: പി ജയരാജന് വേണ്ടി എന്തുകൊണ്ടാണ് സ്വര്ണ്ണക്കടത്ത് ക്വട്ടേഷന് സംഘാംഗങ്ങളായ അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും പ്രതിരോധം തീര്ക്കാന് വരുന്നതെന്ന ചോദ്യവുമായി ഡിവൈഎഫ്ഐ മുന് നേതാവ് മനു തോമസ്. റിപ്പോർട്ടർ ടിവിയിലെ 'ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാട്' എന്ന ചര്ച്ചക്കിടെയായിരുന്നു മനു തോമസിന്റെ പ്രതികരണം. ഇതിന് ജയരാജന് മറുപടി പറയണമെന്നും വേറെ ഏതെങ്കിലും നേതാക്കളുടെ കാര്യത്തില് ഇത് സംഭവിക്കുന്നില്ലെന്നും മനു തോമസ് പറഞ്ഞു.

ഇതെല്ലാം സമൂഹം കാണുന്നുണ്ട്. ഇതെല്ലാം പാര്ട്ടിയുടെ വിപ്ലവ പ്രവര്ത്തനത്തില് നിന്നുണ്ടായതല്ല. ഇതെല്ലാം വൈകൃതങ്ങളില് നിന്നുണ്ടായതാണ്. ടി പി കേസ് പ്രതികളും ഈ ക്വട്ടേഷന് നേതാക്കളും ജയരാജനും തമ്മിലുള്ള ബന്ധമെന്താണ്. ഈ വൈകൃതം പ്രത്യേക കാലഘട്ടത്തില് നടന്നതാണ്. പി ജയരാജന് പാര്ട്ടി സെക്രട്ടറി ആയിരുന്നപ്പോള് സംഭവിച്ചതാണ്. അത് കണ്ണൂരിലേയും കേരളത്തിലേയും പ്രത്യേകിച്ചും മലബാറിലെയും പാര്ട്ടിക്ക് കൂടുതല് ഡാമേജുണ്ടാക്കി. താനടക്കം ഉന്നയിക്കുന്ന പല ആരോപണങ്ങളിലും കണ്ണൂര് ജില്ലയിലെ പാര്ട്ടി കാര്യങ്ങളിലും മറുപടി പറയുന്നത് ഈ ക്വട്ടേഷന് ടീമുകളാണ്. ഇതിന് നേതൃത്വം മറുപടി പറയണമെന്നും മനു തോമസ് പറഞ്ഞു.

കാര്യങ്ങള് പെട്ടെന്ന് കൈകാര്യം ചെയ്യാന് പാര്ട്ടി ക്വട്ടേഷന് സംഘാഗങ്ങളെ ഏല്പ്പിച്ചിട്ടുണ്ടോ എന്ന് നേതൃത്വം മറുപടി പറയണം. പി ജയരാജന് അടക്കം നേതാക്കളാരും തന്നെ ബന്ധപ്പെട്ടിട്ടില്ല. പാര്ട്ടിക്കുള്ളില് ഉണ്ടായിരുന്നപ്പോള് താന് പറഞ്ഞ പലകാര്യങ്ങളിലുാം നടപടിയുണ്ടായിട്ടില്ല. അതാണ് ഇപ്പോള് പുറത്തുവന്നപ്പോള് ഇതെല്ലാം തുറന്നുപറയുന്നത്. റെഡ് ആര്മി അടക്കമുള്ള ഫാന്സ് സംഘങ്ങള് കൂടാതെ രഹസ്യ വാട്സ് ആപ്പ് ഗ്രൂപ്പുകള് സജീവമാണ്. എല്ലാ പ്രവര്ത്തനങ്ങളും നിയന്ത്രിക്കുന്നത് ഇതില് അംഗങ്ങളായവരാണ്. ഇവര്ക്ക് സ്വര്ണ്ണക്കടത്ത് ക്വട്ടേഷന് സംഘങ്ങളുമായി ബന്ധമുണ്ട്. ഇത്തരം ഫേസ്ബുക്ക് പേജുകളിൽ ഇഷ്ട നേതാക്കളെ പുകഴ്ത്തലും വാഴ്ത്തലുമാണ് നടത്തുന്നത്. തനിക്ക് ഭീഷണി കോള് വന്നത് വിദേശത്തുനിന്നാണ്. വിദേശത്ത് നിന്നാണ് കേരളത്തിലേക്ക് സ്വര്ണ്ണം കടത്തുന്നത്. അപ്പോള് തന്റെ ഭീണഷിയുമായി ഇത്തരം സ്വര്ണ്ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്നാണ് മനസ്സിലാക്കാന് കഴിയുന്നതെന്നും മനു തോമസ് പറഞ്ഞു.

പാര്ട്ടിയില് നിന്ന് പുറത്താക്കിയ മനുവിനെതിരെ നേരത്തെ സ്വര്ണ്ണക്കടത്ത് ക്വട്ടേഷന് സംഘങ്ങള് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ മനു തോമസും പ്രതികരിച്ചിരുന്നു. പി ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള് കൊലവിളിയുമായി എത്തിയത് ക്വട്ടേഷന്-സ്വര്ണം പൊട്ടിക്കല് മാഫിയ സംഘത്തലവന്മാരാണെന്ന് മനു തോമസ് വിമര്ശിച്ചിരുന്നു. ടി പി ചന്ദ്രശേഖരന് വധവും ഷുഹൈബ് വധവും വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നുവെന്നും മനു തോമസ് തന്റെ ഫേസ് ബുക്ക് പോസ്റ്റില് നേരത്തെ പറഞ്ഞിരുന്നു.

ഭീഷണിപ്പെടുത്താന് ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് മറുപടി പറയേണ്ട ബാധ്യത സിപിഐഎം നേതൃത്വത്തിനാണ്. കൊലവിളി നടത്തിയ സംഘത്തലവന്മാരോട്, നിങ്ങള് പറയുന്ന ഈ പ്രതിരോധം ആര്ക്ക് വേണ്ടിയാണ് എന്തിനാണെന്നും കൃത്യമായ ബോധ്യമുണ്ട്. കൂടുതല് പറയിപ്പിക്കരുത്. ജനിച്ചാല് ഒരിക്കല് മരിക്കണം. അത് നട്ടെല്ല് നിവര്ത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം, ഒറ്റയ്ക്കായാലും സംഘടനയില് നിന്നുകൊണ്ടായാലും. ആരാന്റെ കണ്ണീരും സ്വപ്നവും തകര്ത്ത് കിട്ടുന്ന സന്തോഷത്തിലോ, ക്വട്ടേഷന് മാഫിയ സ്വര്ണപ്പണത്തിന്റെ തിളക്കത്തിലോ, ഡിവൈന് കമ്മ്യൂണിസ്റ്റ് ഫാന്സ് പരിവേഷത്തിലോ അഭിരമിക്കുന്നവര്ക്ക് അത് അറിയണമെന്നില്ല. കൊല്ലാനാകും, പക്ഷെ നാളെയുടെ നാവുകള് നിശബ്ദമായിരിക്കില്ല. അതുകൊണ്ട് തെല്ലും ഭയവുമില്ല', പോസ്റ്റില് മനു തോമസ് പറയുന്നു.

പാര്ട്ടിക്കകത്ത് സ്വര്ണ്ണക്കടത്തും മാഫിയ പ്രവര്ത്തനവും; മനു തോമസ്

നേരത്തെ മനു തോമസിനെ വെല്ലുവിളിച്ച് ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും സ്വര്ണ്ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കിയും രംഗത്തെത്തിയിരുന്നു. മനു തോമസിന് അഭിവാദ്യം നേര്ന്ന പഴയ പോസ്റ്റിലായിരുന്നു ആകാശ് തില്ലങ്കേരിയുടെ വെല്ലുവിളി. എന്തും പറയാന് പറ്റില്ലെന്ന് ബോധ്യപ്പെടുത്താന് സംഘടനയ്ക്ക് അധിക സമയം വേണ്ടെന്ന് ഓര്ത്താല് നല്ലതെന്നായിരുന്നു ആകാശിന്റെ മുന്നറിയിപ്പ്. ബിസിനസ് പരിപോഷിപ്പിക്കാന് രാഷ്ട്രീയത്തിലേക്ക് വന്നയാളെന്നായിരുന്നു അര്ജുന് ആയങ്കിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ഈ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. റെഡ് ആര്മിയെന്ന ഫെയ്സ്ബുക്ക് പേജും മനു തോമസിനെതിരെ രംഗത്തെത്തി. പാര്ട്ടിയേയും പാര്ട്ടി നേതാക്കളേയും ഇല്ലാക്കഥകള് പറഞ്ഞ് അപമാനിക്കാന് നില്ക്കരുതെന്നായിരുന്നു റെഡ് ആര്മിയുടെ മുന്നറിയിപ്പ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us