കണ്ണൂര്: സിപിഐഎം നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ച മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്. പാർട്ടിയിലെ അനീതി ചോദ്യം ചെയ്ത മനു തോമസ് ഇപ്പോൾ നീതിയുടെ പക്ഷത്താണെന്നും കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറെങ്കിൽ സ്വീകരിക്കുമെന്നും കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് റിപ്പോർട്ടറിനോട് പറഞ്ഞു. എന്നാൽ മനു തോമസ് വിവാദം നിയമസഭയിൽ ഉൾപ്പെടെ ചർച്ചയായിട്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചില്ല. മനു തോമസ് പാർട്ടിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലല്ലോ എന്ന ചോദ്യത്തിന് 'ഓ' എന്ന് മാത്രമാണ് എം വി ഗോവിന്ദൻ മറുപടി നൽകിയത്.
മനു തോമസ് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് പ്രതികരിച്ചത്. കാലങ്ങളായി സർക്കാരിനെതിരെയും സിപിഐഎമ്മിനെതിരെയും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളാണ് മനു ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നതെന്നും വി ഡി സതീശൻ പ്രതികരിച്ചു. പി ജയരാജനും മകനുമെതിരെ ഉയർത്തിയിരിക്കുന്നത് വലിയ വെളിപ്പെടുത്തലുകളാണ്. മനു തോമസിന് ഇപ്പോൾ ജീവന് ഭീഷണിയുണ്ട്. മയക്കുമരുന്ന് കേസുകളിലെ പ്രതികളാണ് ഭീഷണിയുമായി വരുന്നതെന്നും ആകാശ് തില്ലങ്കേരിയുടെയും അർജ്ജുൻ ആയങ്കിയുടെയും ഫേസ്ബുക്ക് പോസ്റ്റുകളെ ഓർമ്മിപ്പിച്ച് സതീശൻ പറഞ്ഞു. എടയന്നൂരിലെ ഷുഹൈബ് കൊലപാതകത്തിൽ പി ജയരാജൻ്റെ പങ്ക് വ്യക്തമാക്കുന്നതാണ് മനു തോമസിൻ്റെ വെളിപ്പെടുത്തല്ലെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് മനു തോമസ് ഉന്നയിച്ചത്. സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘവുമായി പാർട്ടിയിലെ ചില നേതാക്കളുടെ അടുത്ത ബന്ധം ഡിവെെഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡൻ്റ് കൂടിയായ മനു തോമസ് പാർട്ടിയിൽ പരാതിപ്പെട്ടിരുന്നു. ഇതിൽ ഒരു നടപടിയും പാർട്ടി സ്വീകരിച്ചില്ലെന്നാണ് മനു തോമസിൻ്റെ ആരോപണം. മനസ് മടുത്ത് സ്വയം പാർട്ടിയിൽ നിന്ന് പുറത്ത് പോയതാണെന്നും മനു തോമസ് പറഞ്ഞു. പി ജയരാജനെതിരെയും മനു തോമസ് ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ പി ജയരാജൻ രംഗത്തെത്തി. തന്നെയും സിപിഐഎമ്മിനെയും കരിവാരി തേക്കാന് ശ്രമിക്കുകയാണെന്ന് ജയരാജൻ തിരിച്ചടിച്ചു. ഇതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും ജയരാജന് പ്രതിരോധം തീർത്ത് മനു തോമസിനെ ഭീഷണിപ്പെടുത്തി രംഗത്തത്തിയത്.
'എന്തും പറയാൻ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധിക സമയം വേണ്ട എന്ന് ഓർത്താൽ നല്ലത്' എന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ് പോസ്റ്റ്. നേതാവാകാൻ അടി കൊള്ളുന്നവനും ചോര വാർന്ന് ജീവിതം ഹോമിച്ച് നേതാവായവരും തമ്മിൽ ഒരുപാട് ദൂരമുണ്ടെന്നായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം. പാർട്ടിയേയും പാർട്ടി നേതാക്കളേയും ഇല്ലാ കഥകൾ പറഞ്ഞ് അപമാനിക്കാൻ നിൽക്കരുതെന്ന് മുന്നറിയിപ്പുമായി റെഡ് ആർമിയും രംഗത്തെത്തിയിരുന്നു. മനു തോമസിനെതിരെ പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പും പ്രത്യക്ഷപ്പെട്ടിരുന്നു.