തൃശ്ശൂര്: പോളണ്ടിൽ രണ്ടു മാസം മുൻപ് ദുരൂഹസാഹചര്യത്തിൽ മലയാളി യുവാവ് മരിച്ച സംഭവത്തില് സുഹൃത്തുക്കളായ മലയാളി യുവാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ്. സുഹൃത്തുക്കൾക്കൊപ്പം നടന്ന ഈസ്റ്റർ ആഘോഷത്തിലുണ്ടായ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നുവെങ്കിലും കാര്യമായ ഇടപെടലുണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് രഘു(23)വാണ് പോളണ്ടില് മരിച്ചത്. മകന് എന്ത് സംഭവിച്ചു എന്നറിയും വരെ പോരാട്ടം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.
ഏപ്രിൽ ഒന്നിനാണ് ആഷിക് മരിച്ചെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്. താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു സുഹൃത്തുക്കൾ ആദ്യം പറഞ്ഞത്. തുടർന്ന് പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം നാട്ടിലേക്ക് അയക്കുകയായിരുന്നു. എന്നാൽ സുഹൃത്തുക്കളുടെ സംസാരത്തിൽ സംശയം തോന്നിയ കുടുംബം നാട്ടിലെത്തിയ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു. ഒരുമാസത്തിന് ശേഷമാണ് റിപ്പോർട്ട് ലഭിച്ചത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ നിന്ന് വ്യക്തമായി.
വീണ്ടും സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ യുക്രെയിൻകാരുമായി മരിക്കുന്നതിന്റെ തലേന്ന് സംഘര്ഷമുണ്ടായെന്ന് വിവരം ലഭിച്ചു. എന്നിട്ടും അവരത് പൊലീസിനോട് പറയാതെ ഒളിച്ചുവെച്ചെന്ന് ആഷിഖിന്റെ പിതാവ് ആരോപിച്ചു. തുടർന്ന് പോസറ്റ്മോർട്ടം റിപ്പോര്ട്ട് ഉള്പ്പടെ വച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന് എംബസിയെ സമീപിച്ചെങ്കിലും ഒരുമാസമായിട്ടും ഒരുമറുപടി പോലും ലഭിച്ചില്ല. പിന്നാലെ സമൂഹ മാധ്യമ കൂട്ടായ്മയിലൂടെ മാസ് മെയില് ക്യാംപെയ്ന് ആരംഭിച്ചതോടെ അന്വേഷിക്കുന്നു എന്ന വിവരം മറുപടിയായി ലഭിച്ചു.
ഒരു വർഷം മുൻപാണ് അയൽവാസിയായ യുവാവ് വഴി ആഷിക് ജോലിതേടി പോളണ്ടിലെത്തിയത്. മരിക്കുന്നതിന് ഏതാനും മാസം മുൻപ് ഫുഡ് ഡെലിവറി ചെയ്യുന്ന ജോലി തുടങ്ങിയിരുന്നു. മലയാളികളായ രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് ആഷിക് താമസിച്ചിരുന്നത്.