തിരുവനന്തപുരം: പാര്ട്ടിയില് നിന്ന് പുറത്താക്കപ്പെട്ട മുന് ഡിവൈഎഫ്ഐ നേതാവ് മനു തോമസിന് വേണ്ടിവന്നാല് കോണ്ഗ്രസ് സംരക്ഷണം നല്കുമെന്ന് കെപിസിസി അധ്യക്ഷന് കെ സുധാകരന് പറഞ്ഞു. ടി പി ചന്ദ്രശേഖരനെ വധിച്ചതുപോലെ മനുവിനെയും തീര്ത്തുകളയാമെന്നാണ് സിപിഐഎം കരുതുന്നതെങ്കില് പിന്തുണ നല്കുമെന്നും സുധാകരന് പറഞ്ഞു. സ്വര്ണ്ണക്കടത്തു ക്വട്ടേഷന് സംഘവുമായി പാര്ട്ടി നേതൃത്വത്തിനുള്ള ബന്ധം പുറത്തുപറഞ്ഞതിനെ തുടര്ന്ന് മനു തോമസിനെതിരെ ആകാശ് തില്ലങ്കേരി ഫേസ്ബുക്കില് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോണ്ഗ്രസിന്റെ പരസ്യപിന്തുണ. കൂടാതെ വിദേശത്ത് നിന്നടക്കം മനുവിന് ഭീഷണി ഫോണ് കോളുകളും സന്ദേശവും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
മുഖ്യമന്ത്രിയും സിപിഐഎമ്മും നല്കുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിന്ബലമെന്നും സുധാകരന് ആരോപിച്ചു. ഒറ്റപ്പെട്ട ശബ്ദങ്ങളെ ടി പി ചന്ദ്രശേഖരന് മാതൃകയില് തീര്ത്തുകളയാം എന്നാണ് പാര്ട്ടി കരുതുന്നതെങ്കില് അവര്ക്ക് കോണ്ഗ്രസ് സംരക്ഷണം നല്കും. പാര്ട്ടി വിട്ടാല് എന്തും വിളിച്ച് പറയാനാകില്ലെന്ന് ബോധ്യപ്പെടുത്താന് സംഘടനയ്ക്ക് അധികം സമയം വേണ്ടെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ ഭീഷണി. ഒപ്പമുള്ള ബിസിനസ്സുകാര്ക്കും മാധ്യമങ്ങള്ക്കും ഒന്നും ചെയ്യാനാകില്ലെന്നും ആകാശ് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരുന്നു. റെഡ് ആര്മി എന്ന ഫേസ്ബുക്ക് പേജില് വന്ന പോസ്റ്റിന് കീഴെയായിരുന്നു. ആകാശിന്റെ കമന്റ്. ഇന്നലെ ജയരാജനെതിരെയും സിപിഐഎം കണ്ണൂര് ജില്ലാ കമ്മിറ്റിക്കെതിരെയും ഗുരുതര ആരോപണവുമായി മനു രംഗത്തെത്തിയിരുന്നു.
കണ്ണൂര് പാര്ട്ടിക്കകത്ത് സ്വര്ണ്ണക്കടത്തും വന് സാമ്പത്തിക ഇടപാടും മാഫിയ പ്രവര്ത്തനുമാണ് നടക്കുന്നതെന്നായിരുന്നു മുന് ഡിവൈഎഫ്ഐ നേതാവ് മനു തോമസ് 'റിപ്പോര്ട്ടറി'നോട് പറഞ്ഞത്. 'ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാട്' എന്ന ചര്ച്ചക്കിടെയായിരുന്നു മനു തോമസിന്റെ പ്രതികരണം. പാര്ട്ടികത്തെ ശരിയല്ലാത്ത കാര്യങ്ങള് എതിര്ക്കുക മാത്രമാണ് താന് ചെയ്തതെന്നും ഇതിന് ഉത്തരം പറയേണ്ടത് പി ജയരാജനും കണ്ണൂര് ജില്ലാ നേതൃത്വവുമാണെന്നും മനു തോമസ് വ്യക്തമാക്കിയിരുന്നു.
പാര്ട്ടിയിലായിരുന്നപ്പോള് ചില കാര്യങ്ങളില് നിശബ്ദനായി നില്ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്, ഇപ്പോള് എന്റെ ആരോപണം വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിലല്ല. തുറന്നു പറച്ചിലിന്റെ പേരില് തനിക്ക് ഭീഷണി കോള് വന്നിട്ടുണ്ട്. ഭീഷണി സന്ദേശവും. വിദേശത്തുനിന്നുപോലും ഭീഷണി കോളും സന്ദേശവും വന്നു. എന്നാല്, ഈ കാലഘട്ടത്തില് ഉണ്ടാകുന്ന ശരിയല്ലാത്ത കാര്യങ്ങള് എതിര്ക്കുക മാത്രമാണ് ഞാന് ചെയ്തത്. എന്റെ അഭിപ്രായ പ്രകടനം പാര്ട്ടി സംഘടനയെ നന്നാക്കാന് വേണ്ടിയാണ്. കണ്ണൂര് ജില്ലാ പാര്ട്ടിക്കകത്ത് വലിയ നിശബ്ദത ഉണ്ടായി. അതു പേടിയുടേതാണോ എന്ന് സംശയിക്കേണ്ടിവരും. ഈ കാലഘട്ടത്തിലാണ് പാര്ട്ടിയില് വൈകൃതങ്ങളെല്ലാം സംഭവിച്ചതെന്നും മനു തോമസ് പറഞ്ഞു.