തിരുവനന്തപുരം: പ്രവാസികൾ നേരിടുന്ന വിമാന ടിക്കറ്റ് ചൂഷണത്തിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. കേരളത്തിൽ നിന്നുള്ള എംപിമാർ ഒറ്റക്കെട്ടായി ഇടപെട്ട് ഇതിന് പരിഹാരം കാണേണ്ടതാണ്. സംസ്ഥാന സർക്കാരിന് ടിക്കറ്റ് ചൂഷണം അവസാനിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ലോകകേരള സഭക്കെതിരെ വലിയ പ്രചാരണങ്ങൾ ആദ്യഘട്ടത്തിൽ നടന്നിരുന്നു. ഇപ്പോൾ അത്തരം പ്രചാരണങ്ങൾ നടത്തിയവർ ക്ഷീണിച്ച് അതിൽ നിന്ന് പിന്മാറുന്നുവെന്നും മന്ത്രി പറഞ്ഞു. ധൂർത്ത് എന്ന് പറഞ്ഞവർക്ക് അതിൽ നിന്ന് ഇപ്പോൾ പിന്മാറേണ്ടി വന്നു. അടുത്ത ലോകകേരള സഭയിൽ പ്രതിപക്ഷ അംഗങ്ങൾ കൂടി പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
'പ്രവാസികൾ വലിയ ചൂഷണം നേരിടുന്ന കാര്യമാണ് വിമാന ടിക്കറ്റിന്റെ വർധനവ്, പ്രത്യേകിച്ചും സീസണിലാണ് അന്യായമായ വർധനയുണ്ടാകുന്നത്. അത് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യമല്ല. സംസ്ഥാന സർക്കാർ നിരന്തരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. നിർഭാഗ്യവശാൽ കേന്ദ്രസർക്കാരിൽ നിന്ന് പ്രതികരണം ഉണ്ടായില്ല. പ്രവാസികൾക്ക് ആശ്വാസം പകരുന്ന നിലയിൽ വിമാന കമ്പനികളുടെ ചൂഷണത്തെ നിയന്ത്രിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടായിട്ടില്ല. ഇത്തരത്തിലുള്ള ചൂഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്', മന്ത്രി പറഞ്ഞു.
ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം;ഒരാൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടുപോയ എംപിമാർക്ക് ഈ കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ട്. വിഷയം പാർലമെന്റിൽ ഉന്നയിക്കുന്നതിനും പ്രവാസികൾക്ക് വേണ്ടി ഈ ചൂഷണം അവസാനിപ്പിക്കുന്നതിനുമായുള്ള ഒറ്റക്കെട്ടായ ഇടപെടലുകൾ നടത്തുന്നതിനുള്ള ഉത്തരവാദിത്തം എംപിമാർ വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.