മനുതോമസിന് പൊലീസ് സംരക്ഷണം; ഉത്തരവിറക്കി കണ്ണൂർ റൂറൽ എസ്പി

ആലക്കോട്, തളിപ്പറമ്പ്, തലശ്ശേരി പൊലീസ് സ്റ്റേഷനുകൾക്കാണ് സുരക്ഷാ ചുമതല നൽകിയിട്ടുള്ളത്

dot image

കണ്ണൂർ: കണ്ണൂരിലെ സിപിഐഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിന് പൊലീസ് സംരക്ഷണം ഒരുക്കാൻ ഉത്തരവ്. കണ്ണൂർ റൂറൽ എസ്പിയുടേതാണ് ഉത്തരവ്. ആലക്കോട്, തളിപ്പറമ്പ്, തലശ്ശേരി പൊലീസ് സ്റ്റേഷനുകൾക്കാണ് സുരക്ഷാ ചുമതല നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ മനു തോമസിനെതിരെ സോഷ്യൽ മീഡിയയിലും മറ്റും പുറത്ത് വന്ന ഭീഷണി കണക്കിലെടുത്താണ് തീരുമാനം. മനു തോമസിന്റെ വ്യാപാര സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നും കണ്ണൂർ റൂറൽ എസ്പിയുടെ ഉത്തരവിലുണ്ട്. എന്നാല് പൊലീസ് സംരക്ഷണവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയില്ലെന്ന് മനു തോമസ് പ്രതികരിച്ചു.

അതേസമയം മനു തോമസിനെതിരെ പി ജയരാജന്റെ മകൻ ജെയിൻരാജ് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. മാനനഷ്ടം ചൂണ്ടി കാട്ടിയാണ് നോട്ടീസ് അയച്ചത്. അമ്പത് ലക്ഷമാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ചർച്ച നടത്തിയെന്നും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് വിദേശത്തുള്പ്പടെ ജയരാജൻ കച്ചവടങ്ങൾ നടത്തി എന്നീ ആരോപണങ്ങളാണ് മനു തോമസ് ഉയർത്തിയിരുന്നത്. തൊട്ട് പിന്നാലെ മനു തോമസിനെതിരെ ഭീഷണിയുമായി ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയും സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിയും രംഗത്തെത്തിയിരുന്നു.

മനു തോമസിനെതിരെ പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും ഇന്നലെ തലപ്പൊക്കിയത്. പാർട്ടിയേയും പാർട്ടി നേതാക്കളേയും ഇല്ലാ കഥകൾ പറഞ്ഞ് അപമാനിക്കാൻ നിൽക്കരുതെന്ന മുന്നറിയിപ്പുമായി റെഡ് ആർമിയും ഇന്നലെ രംഗത്തെത്തിയിരുന്നു. പിന്നാലെ പോരാളി ഷാജിയും മനു തോമസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

മനു തോമസിനെതിരെവിമർശനവുമായി പോരാളി ഷാജിയും; കുറിപ്പ് പങ്കുവെച്ച് റെഡ് ആർമി
dot image
To advertise here,contact us
dot image