ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പില് കനത്ത തിരിച്ചടിയുണ്ടാവാന് കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയില് വിലയിരുത്തല്. ഈ വിലയിരുത്തലിനോട് കമ്മറ്റിയില് പങ്കെടുത്ത കെ കെ ശൈലജ എംഎല്എ യോജിച്ചതായാണ് വിവരം. വടകരയിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്നു കെകെ ശൈലജ.
കേരളത്തില് എല്ഡിഎഫ് സര്ക്കാര് നിരവധി പദ്ധതികള് നടപ്പിലാക്കുന്നുണ്ടെങ്കിലും അത് ജനങ്ങളോട് വിശദീകരിക്കാന് സംസ്ഥാന ഘടകത്തിന് കഴിയുന്നില്ലെന്ന് നേതാക്കള് ചൂണ്ടികാട്ടി. തെറ്റ് തിരുത്താനുള്ള നടപടികള് നേതൃത്വം സ്വീകരിക്കണമെന്നും ആഴത്തിലുള്ള പരിശോധന വേണമെന്നും നേതാക്കള് ചൂണ്ടികാട്ടി.
അതേസമയം ദേശീയ തലത്തിലെ കോണ്ഗ്രസ് അനുകൂല നിലപാട് തിരുത്തണമെന്ന് മന്ത്രി പി രാജീവ് അടക്കമുള്ളവര് വാദിച്ചു. കേന്ദ്രത്തില് കോണ്ഗ്രസിനൊപ്പം ഇന്ഡ്യാ സഖ്യത്തില് അണിനിരക്കുകയും കേരളത്തില് എതിര്ചേരിയില് മത്സരിക്കുകയും ചെയ്തതോടെ പലരും യുഡിഎഫിന് വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായെന്ന് പി രാജീവ് ചൂണ്ടികാട്ടി. ജനകീയ അടിത്തറവേണമെന്നും കേന്ദ്ര കമ്മിറ്റിയില് നേതാക്കള് നിര്ദേശിച്ചതായാണ് വിവരം.