തിരുവനന്തപുരം: മേയര് ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും വിമര്ശനം. നഗരസഭയിലെ ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയിലാണെന്നും മേയര് ആണ് ഇതിന്റെ ഉത്തരവാദിയെന്നും ജില്ലാ കമ്മിറ്റിയില് വിമര്ശനം ഉയര്ന്നു. ഇക്കാര്യത്തില് പാര്ട്ടി ഉചിതമായ തീരുമാനം എടുക്കണം എന്നും ജില്ലാ കമ്മിറ്റിയില് ആവശ്യം ഉയര്ന്നു. കഴിഞ്ഞ ദിവസം ചേര്ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും മേയര് ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമര്ശനം ഉയര്ന്നിരുന്നു.
കെഎസ്ആര്ടിസി ബസ് തടഞ്ഞ സംഭവം കമ്മിറ്റിയില് ഉന്നയിച്ചു. മേയറുടെയും ഭര്ത്താവും എംഎല്എയുമായ സച്ചിന് ദേവിന്റെയും നടപടി അപക്വമായിരുന്നുവെന്ന വിമര്ശനമാണ് ഉയര്ന്നത്. ഡ്രൈവറുമായുള്ള തര്ക്കം നാണക്കേടായെന്നും അഭിപ്രായം ഉയര്ന്നു. ആഭ്യന്തര വകുപ്പിനെതിരെയും സിപിഐഎം ജില്ലാ കമ്മിറ്റിയില് വിമര്ശനം ഉയര്ന്നു. പൊലീസില് സര്ക്കാരിന് നിയന്ത്രണമില്ല. പൊലീസിന്റെ പ്രവര്ത്തനം തോന്നിയതുപോലെയാണെന്നുമാണ് വിമർശനം
മേയറുടെ പെരുമാറ്റമായിരുന്നു സിപിഐഎം സെക്രട്ടറിയേറ്റില് വിമര്ശിക്കപ്പെട്ടത്. മേയറുടെ പെരുമാറ്റം ജില്ലയില് പാര്ട്ടിയുടെ വോട്ട് കുറച്ചെന്നായിരുന്നു വിമർശനം. ഇതിന് നഗരസഭാ തിരഞ്ഞെടുപ്പില് വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമര്ശനം ഉയര്ന്നിരുന്നു.