സിപിഐഎമ്മിന് ഒഴിയാബാധയായി കരുവന്നൂർ; സ്വത്തുകണ്ടുകെട്ടിയതിൽ പാർട്ടി പ്രതിരോധത്തിൽ

സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടേതടക്കം എട്ട് ബാങ്ക് അക്കൗണ്ടുകളിലെ 73 ലക്ഷം രൂപയുടെ സ്വത്ത് വകകളാണ് ഇഡി കണ്ടുകെട്ടിയത്

dot image

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ പാർട്ടിയുടെ നിക്ഷേപം കണ്ടുകെട്ടിയതോടെ സിപിഐഎം വീണ്ടും പ്രതിരോധത്തിൽ. കരുവന്നൂരിലെ തട്ടിപ്പ് മായ്ക്കാനാകാത്ത നാണക്കേടായതിന് പിന്നാലെ നിക്ഷേപം കണ്ടുകെട്ടാനുളള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയോടെ പാർട്ടിയാകെ തന്നെ പ്രതിസ്ഥാനത്തേക്ക് വരികയാണ്. തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ വരെ കാരണമായി വിലയിരുത്തപ്പെടുന്ന കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് സിപിഐഎമ്മിന് ഒഴിയാബാധയായി മാറിയിരിക്കുന്നു. സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടേതടക്കം എട്ട് ബാങ്ക് അക്കൗണ്ടുകളിലെ 73 ലക്ഷം രൂപയുടെ സ്വത്ത് വകകളാണ് ഇഡി കണ്ടുകെട്ടിയത്.

തട്ടിപ്പിൽ നേരത്തെ നേതാക്കളും ജീവനക്കാരുമാണ് പിടിയിലായതെങ്കിൽ ഇപ്പോൾ പാർട്ടി തന്നെ പ്രതിസ്ഥാനത്തേക്ക് വന്നിരിക്കുന്നു. ഇത് സിപിഐഎമ്മിന് ഉണ്ടാക്കിയിരിക്കുന്ന പ്രതിരോധം ചെറുതല്ല. സ്വത്ത് കണ്ടുകെട്ടിയ വിഷയത്തിൽ പാർട്ടി വിഷമ സന്ധിയിലാണെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് നേതാക്കളിൽ നിന്നുണ്ടാകുന്നത്. അക്കൗണ്ട് മരവിപ്പിച്ചതിനെപ്പറ്റിയും നിക്ഷേപം കണ്ടുകെട്ടിയതിനെ കുറിച്ചും ഒന്നുമറിയില്ലെന്നാണ് തൃശൂർ ജില്ലാ നേതൃത്വത്തിൻെറ പ്രതികരണം.

ഇഡി നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാക്കുകൾ. കരുവന്നൂരിൽ സിപിഐഎമ്മിനെ പ്രതി ചേർത്തതും അക്കൗണ്ട് മരവിപ്പിച്ചതും ഇഡിയുടെ തെറ്റായ നടപടിയാണ്. ഇഡിയുടെ നടപടി രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടാണ്. സിപിഐഎമ്മിനെ പ്രതിയാക്കിയതും രാഷ്ട്രീയമാണെമന്നും പാർട്ടി ഓഫീസ് പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നുമാണ് ഗോവിന്ദന്റെ പ്രതികരണം. കേന്ദ്ര അന്വേഷണ ഏജൻസികളെ മൊത്തത്തിൽ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണെന്നും വിഷയത്തിൽ രാഷ്ട്രീയപരമായും നിയമപരമായും നീങ്ങുമെന്നും സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസും പ്രതികരിച്ചു.

എം വര്ഗീസിന്റെ പേരിലുള്ള, 29.29 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. പാര്ട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും കണ്ടുകെട്ടിയവയുടെ പട്ടികയിൽ ഉള്പ്പെട്ടിരുന്നു. ഇതിനുപുറമെ പാര്ട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള എട്ട് ബാങ്ക് അക്കൗണ്ടുകള് കൂടി മരവിപ്പിച്ചിരുന്നു. മരവിപ്പിച്ചതില് കരുവന്നൂര് ബാങ്കിലെ അഞ്ച് അക്കൗണ്ടുകളും ഉള്പ്പെടും. ഇതിനുപുറമെ സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ഒരു അക്കൗണ്ട്, തൃശൂര് ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.

കരുവന്നൂരിലെ തട്ടിപ്പ് മറച്ചുപിടിച്ച്, കേന്ദ്ര ഏജൻസി വേട്ടയാടുന്നു എന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് സിപിഐഎം നടത്തിയ പ്രചരണം. ജനങ്ങൾ ആ ന്യായീകരണം തളളി എന്ന് വ്യക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. വീണ്ടും രാഷ്ട്രീയ പ്രതിരോധം തീർക്കാൻ ശ്രമിച്ചാൽ അത് ഏശുമോയെന്ന് കണ്ടുതന്നെ അറിയണം.

തൃശ്ശൂരെടുത്ത ആത്മവിശ്വാസത്തിൽ കേരളം പിടിക്കാൻ ബിജെപി; വലിയ മുന്നേറ്റം ഉണ്ടാക്കാനായെന്ന് വിലയിരുത്തൽ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us