കൊച്ചി: കത്വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസിനും അഖിലേന്ത്യാ സെക്രട്ടറി സി കെ സുബൈറിനുമെതിരായ കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. മൂന്ന് മാസത്തേക്കാണ് തുടർനപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾക്കാണ് സ്റ്റേ.
കത്വയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബത്തിനായി ശേഖരിച്ച തുകയിൽ നിന്ന് 15 ലക്ഷം രൂപ ഇരുവരും വകമാറ്റി ചെലവഴിച്ചുവെന്നതായിരുന്നു കേസ്. യൂത്ത് ലീഗിൽ നിന്ന് രാജിവെച്ച യൂസഫ് പടനിലം നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. 2021 ലാണ് ഫിറോസിനും സുബൈറിനുമെതിരെ പരാതി നൽകിയത്.
നേരത്തെ കേസിൽ കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയില് കീഴടങ്ങിയ ഫിറോസിനും സുബൈറിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പി കെ ഫിറോസും സുബൈറും ഹൈക്കോടതിയെ സമീപിച്ചത്.