തൃശൂർ: കരുവന്നൂരിൽ സിപിഐഎമ്മിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയതിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരുവന്നൂരിൽ സിപിഐഎമ്മിനെ പ്രതി ചേർത്തതും അക്കൗണ്ട് മരവിപ്പിച്ചതും ഇഡിയുടെ തെറ്റായ നടപടിയാണ്. ഇഡിയുടെ നടപടി രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടാണ്. സിപിഐഎമ്മിനെ പ്രതിയാക്കിയതും രാഷ്ട്രീയമാണ്. പുകമറ സൃഷ്ടിക്കാനാണ് ഏജൻസിയുടെ ശ്രമമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയുടെ ആയിരക്കണക്കിന് ഘടകങ്ങൾക്ക് ഓഫീസും അക്കൗണ്ടുകളുമുണ്ട്. സ്ഥലം പാർട്ടി ജില്ലാ കമ്മിറ്റിയുടെ പേരിലാണ് രജിസ്റ്റർ ചെയ്ത് വാങ്ങുക. സിപിഐഎം ഓഫീസ് പിടിച്ചെടുക്കാനാണ് ഇഡി ശ്രമിക്കുന്നത്. പ്രതിപക്ഷ പാർട്ടികളോട് സ്വീകരിക്കുന്ന അതേ നടപടി സിപിഐഎമ്മിനെതിരെയും ഇഡി തുടരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഒരു തെളിവുമില്ലാതെയാണ് ഇഡിയുടെ ഈ നടപടി. സിപിഐഎമ്മിന് ഒരു നോട്ടീസും ലഭിച്ചിട്ടില്ല. ഇഡി നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഒരു കാര്യവും സിപിഐഎമ്മിനെ അറിയിച്ചിട്ടില്ല. ലോക്കൽ കമ്മിറ്റി ഉണ്ടാക്കിയ ഓഫീസിനെ ചൊല്ലിയാണോ പ്രശ്നം? രാഷ്ട്രീയപ്രേരിതം മാത്രമല്ല തോന്നിവാസവുമാണിത്. എന്തും ചെയ്യാൻ ഞങ്ങൾക്ക് അവകാശമുണ്ട് എന്ന ഒരു ഫാസിസ്റ്റ് ശൈലിയാണ് ഇഡിയുടേത്. സിപിഐഎം രാഷ്ട്രീയമായും നിയമപരമായും നേരിടും. എന്തടിസ്ഥാനത്തിലാണ് സിപിഐഎമ്മിനെ പ്രതിചേർക്കുകയെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
അതേസമയം മനു തോമസ് വിവാദത്തിൽ പ്രതികരിക്കാൻ എം വി ഗോവിന്ദൻ തയ്യാറായില്ല. മനു തോമസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജില്ലാ കമ്മിറ്റി പ്രതികരിക്കും. മനു തോമസിന്റേത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്തയാണെന്നും എന്തെങ്കിലുമുണ്ടെങ്കിൽ എം വി ജയരാജനോട് ചോദിക്കാനും എം വി ഗോവിന്ദൻ പറഞ്ഞു.
29.29 കോടി രൂപയുടെ സ്വത്താണ് കേസില് കണ്ടുകെട്ടിയത്. സിപിഐഎം തൃശൂര് ജില്ലാ സെക്രട്ടറി എം എം വര്ഗീസിന്റെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയതില് പാര്ട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും ഉള്പ്പെടും. ഇതിനുപുറമെ പാര്ട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള എട്ട് ബാങ്ക് അക്കൗണ്ടുകള് കൂടി മരവിപ്പിച്ചു. 60 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. മരവിപ്പിച്ചതില് കരുവന്നൂര് ബാങ്കിലെ അഞ്ച് അക്കൗണ്ടുകള് ഉള്പ്പെടും. ഇതിനുപുറമെ സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ഒരു അക്കൗണ്ടും തൃശൂര് ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും മരവിപ്പിച്ചു.
കരുവന്നൂരില് സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകള് ഉണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തല്. അതോടൊപ്പം തൃശ്ശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ട് എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ വിവരങ്ങള് തിരഞ്ഞെടുപ്പ് കമ്മീഷനും ആര്ബിഐക്കും ഇഡി നേരത്തെ കൈമാറിയിട്ടുണ്ട്.
'സിപിഐഎമ്മിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയത് പിണറായി സർക്കാരിന്റെ നേട്ടം'; പരിഹസിച്ച് വി മുരളീധരൻ