പാര്ട്ടിക്ക് പുറത്തുപോവാനും പറ്റുമെന്ന് കാണിച്ച് മനു തോമസ്; സിപിഐമ്മിന് ഈ ശൈലി പ്രശ്നമാകുമോ?

കണ്ണൂര് പോലുള്ള പാര്ട്ടി കോട്ടയായ ജില്ലയില് ഒരു നേതാവ് ഈ തരത്തില് പുറത്തുപോവുമെന്ന് സിപിഐഎം പ്രതീക്ഷിച്ചിരുന്നില്ല.

dot image

ഡിവൈഎഫ്ഐ മുന് ജില്ലാ പ്രസിഡന്റും സിപിഐഎം കണ്ണൂര് ജില്ലാ കമ്മറ്റി അംഗവുമായിരുന്ന മനു തോമസ് പാര്ട്ടിയില് നിന്ന് പുറത്തുപോയിരിക്കുകയാണ്. പാര്ട്ടി അംഗത്വം പുതുക്കാതെ ഇരുന്നതിനെ തുടര്ന്ന് സ്വയം പുറത്ത് പോവുകയായിരുന്നു മനു തോമസ്.അപൂര്വമായി മാത്രം സിപിഐഎമ്മിനകത്ത് സംഭവിക്കുന്ന ഒരു ശൈലിയാണ് മനു തോമസ് സ്വീകരിച്ചത്.

സാധാരണ ഗതിയില് സിപിഐഎം സംഘടനക്കകത്ത് അഭിപ്രായ വ്യത്യാസങ്ങള് ഉള്ള നേതാക്കള് കമ്മറ്റികളില് അഭിപ്രായം പറയുകയും, ഇതിനെ തുടര്ന്ന് സംഘടന താഴെ തട്ടിലേക്ക് തരം താഴ്ത്തുകയോ പാര്ട്ടിയില് നിന്ന് പുറത്താക്കുകയോ ആണ് ചെയ്യാറുള്ളത്. നേരത്തെ വാര്ത്തകളിലിടം നേടിയിട്ടുള്ള പല നേതാക്കളുടെയും കാര്യത്തില് ഇതാണ് സംഭവിച്ചിട്ടുള്ളത്. എന്നാല് മനു തോമസ് ഈ ശൈലിക്കാണ് മാറ്റം വരുത്തിയത്.

അഭിപ്രായ വ്യത്യാസം ഉള്ളതിനാല് ഒരു വര്ഷത്തോളം പാര്ട്ടി അംഗത്വം പുതുക്കാതിരിക്കുകയും കമ്മറ്റികളില് പങ്കെടുക്കാതിരിക്കുകയും ചെയ്തു. അംഗത്വം പുതുക്കാന് പാര്ട്ടി ആവശ്യപ്പെട്ടെങ്കിലും മനു തോമസ് അതിന് തയ്യാറായില്ല. ഇതോടെയാണ് മനു തോമസ് പാര്ട്ടിക്ക് പുറത്തുപോയത്. ഇക്കാര്യം മനു തോമസ് പ്രതീക്ഷിച്ചിരുന്നതുമാണ്. സംഘടനക്കകത്ത് താന് ഉന്നയിച്ച വിഷയത്തില് തീര്പ്പുണ്ടാവുമെന്ന് പ്രതീക്ഷയില്ലാതിരുന്നതിനാലാണ് താന് ഈ വഴി സ്വീകരിച്ചതെന്നാണ് മനു തോമസിന്റെ പ്രതികരണം.

കണ്ണൂര് പോലുള്ള പാര്ട്ടി കോട്ടയായ ജില്ലയില് ഒരു നേതാവ് ഈ തരത്തില് പുറത്തുപോവുമെന്ന് സിപിഐഎം പ്രതീക്ഷിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അഭിപ്രായ വ്യത്യാസമുള്ള മറ്റ് നേതാക്കളും ഈ ശൈലി സ്വീകരിക്കുമോ എന്ന ഭയവും സിപിഐഎമ്മിനുണ്ട്.

ഡിവൈഎഫ്ഐ നേതാവായിരുന്ന മനുവിനെ നടപടിയുടെ ഭാഗമായി പാര്ട്ടിയില് നിന്ന് ഒഴിവാക്കിയെന്ന തരത്തിലുള്ള വാര്ത്തയാണ് ആദ്യം പുറത്തുവരുന്നത്. ഇതിന് പിന്നാലെ താന് എന്തുകൊണ്ട് പാര്ട്ടിക്ക് പുറത്തുപോകുന്നുവെന്ന് വ്യക്തമാക്കി മനു തോമസ് രംഗത്തെത്തി. പാര്ട്ടിക്ക് ക്വട്ടേഷന് സംഘങ്ങളും സ്വര്ണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം പലതവണ ചോദ്യം ചെയ്തിട്ടും അവര്ക്കെതിരെ നടപടിയെടുത്തില്ലെന്ന് കൂടിയായിരുന്ന മനു തോമസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മനുവിനെതിരെ സിപിഐഎമ്മിന്റെ മുതിര്ന്ന നേതാവ് പി ജയരാജന് രംഗത്ത് വന്നത്.

ജില്ലാ സെക്രട്ടറി എം വി ജയരാജന് മനു വിഷയത്തില് വിശദീകരണം നല്കിയതിന് ശേഷവും ജയരാജന് ഫേസ്ബുക്ക് പോസ്റ്റുമായെത്തിയത് വിവാദത്തിന് ശക്തികൂട്ടി. സിപിഐഎമ്മിനെ കരിവാരി തേയ്ക്കാന് ശ്രമിക്കുകയാണ്. പാര്ട്ടിയില് നിന്ന് പുറത്തുപോയ ആള്ക്ക് അനീതിക്കെതിരായ പോരാളി പരിവേഷം നല്കുന്നു. മനു തോമസ് പാര്ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വെച്ച് ബോധപൂര്വ്വം തെറ്റായ ആരോപണങ്ങള് ഉന്നയിക്കുകയാണ്. പാര്ട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികള് പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂര് ജില്ലയിലെ പാര്ട്ടിക്കുള്ളതെന്നും പി ജയരാജന് ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പില് പറഞ്ഞിരുന്നു. എന്നാല് ഇതുകൊണ്ടും തീര്ന്നില്ല. ഇതിന് പിന്നാലെ സ്വര്ണ്ണക്കടത്ത്, ക്വട്ടേഷന് കേസുകളില് പ്രതികളായ അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും പി ജയരാജന് പ്രതിരോധം തീര്ത്ത് ഫേസ്ബുക്കില് പോസ്റ്റിട്ടതോടെ സിപിഐഎം പ്രതിരോധത്തിലാകുകയായിരുന്നു. ഇരുവരുടെയും ഭീഷണി സ്വരത്തോടെയുള്ള പോസ്റ്റിന് മനു മറുപടി നല്കി.

പി ജയരാജന് വേണ്ടി എന്തുകൊണ്ടാണ് സ്വര്ണ്ണക്കടത്ത് ക്വട്ടേഷന് സംഘാംഗങ്ങളായ അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും പ്രതിരോധം തീര്ക്കാന് വരുന്നുവെന്നായിരുന്നു മനു തോമസിന്റെ പ്രതികരണം. കാര്യങ്ങള് പെട്ടെന്ന് കൈകാര്യം ചെയ്യാന് പാര്ട്ടി ക്വട്ടേഷന് സംഘാഗങ്ങളെ ഏല്പ്പിച്ചിട്ടുണ്ടോ എന്ന് നേതൃത്വം മറുപടി പറയണമെന്നും മനു ആവശ്യപ്പെട്ടിരുന്നു. പി ചന്ദ്രശേഖരന് വധവും ഷുഹൈബ് വധവും വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നുവെന്നും മനു തോമസ് തന്റെ ഫേസ് ബുക്ക് പോസ്റ്റില് ആരോപിച്ചിരുന്നു.

മനു തോമസ് പാര്ട്ടിക്ക് പുറത്തുപോയതും ആരോപണ ശരങ്ങളുമായി രംഗത്തെത്തിയതും തിരഞ്ഞെടുപ്പ് തോല്വിയില് വട്ടംകറങ്ങുന്ന സിപിഐഎമ്മിന് തലവേദനയായിരിക്കുകയാണ്. ഇതിനൊപ്പമാണ് കണ്ണൂരിലെ ശക്തനായ പി ജയരാജന് പ്രതിരോധം തീര്ത്ത് ക്രിമിനല് കേസ് പ്രതികള് രംഗത്തെത്തിയതും വിവാദമായിരിക്കുന്നത്. ഇതിനൊപ്പം, സിപിഐഎം സംശയ നിഴലില് നില്ക്കുന്ന രണ്ട് കൊലപാതകക്കേസുകള് വീണ്ടും ചര്ച്ചയാകുന്നതും പാര്ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

dot image
To advertise here,contact us
dot image