തൃശൂർ: തൃശൂരിലെ എയിഡഡ് കൊള്ളയിൽ സ്കൂൾ മാനേജർ വി സി പ്രവീണിനെതിരെ പൊലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചു. നിരവധി അധ്യാപകരെ വി സി പ്രവീൺ ലക്ഷങ്ങൾ വാങ്ങിപ്പറ്റിച്ചുവെന്ന റിപ്പോർട്ടർ ടിവി എസ്ഐടി വാർത്താ പരമ്പര സ്ഥിരീകരിക്കുന്നതാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട്. വർഷങ്ങളോളം ജോലി ചെയ്യിപ്പിച്ച് സ്ഥിരം നിയമനം നൽകാതെ അധ്യാപകരെ പറ്റിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രവീണിൻ്റെ ഭാര്യയായ അധ്യാപിക രേഖ, സംസ്കൃത അധ്യാപിക ഷീബ എന്നിവരും തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രവീണിനെതിരായ പത്ത് കേസുകളാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂരിക്കുഴി സ്കൂൾ അധ്യാപികയായ രേഖയ്ക്കെതിരെ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അധ്യാപക ജോലി സ്വപ്നം കണ്ടവരെയാണ് ലക്ഷങ്ങൾ വാങ്ങി പ്രവീൺ പറ്റിച്ചത്. വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വി സി പ്രവീൺ എസ്എസ്എൽസി തോറ്റ ആളാണ്. വിദേശത്ത് പോകാനെന്ന പേരിൽ അവധിയെടുത്തിട്ടും വിദേശത്ത് പോയില്ല. 2019 ജനുവരി 16 ന് തിരിച്ച് ജോലിയിൽ കയറേണ്ടതായിരുന്നു. എന്നാൽ പ്രവീൺ ഇപ്പോൾ തുടരുന്നത് അനധികൃത അവധിയിലാണ്. വി സി പ്രവീൺ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൂരിക്കുഴി സ്കൂളിൽ നിലവിൽ ജോലി ചെയ്യുന്നത് 34 പേരാണ്. ഇതിൽ 16 പേരും അനധികൃത തസ്തികകളിലാണ് തുടരുന്നത്. ഇവരെല്ലാം വർഷങ്ങളായി ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത്. 10 വർഷമായിട്ടും ഒരു രൂപ കിട്ടാത്തവരും ഇക്കൂട്ടത്തിലുണ്ട്.
ഹാജർ നില പരിശോധന നടക്കുമ്പോൾ മറ്റിടങ്ങളിൽ നിന്ന് കുട്ടികളെ എത്തിക്കും. ഉത്തരവുകൾ പാലിക്കാതെ ധിക്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുകയാണ് പ്രവീണിന്റെ പതിവ്. കുട്ടികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഇയാൾ നഷ്ടമാക്കുകയാണ്. സൗജന്യ യൂണിഫോം, ഉച്ചഭക്ഷണം, സ്കോളർഷിപ്പ് എന്നിവ കുട്ടികൾക്ക് കിട്ടാതെയായി. പ്രവീൺ നടത്തുന്നത് കടുത്ത് ബാലാവകാശ ലംഘനമാണെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രവീൺ സ്വന്തം നിലയ്ക്ക് നിയമത്തെ ദുർവ്യാഖ്യാനം ചെയ്ത് തസ്തികകളുണ്ടാക്കി. പ്രവീൺ ജോലി ചെയ്യുന്ന കഴീമ്പ്രം എസ്എൻഡിപി സ്കൂൾ നടപടി തുടങ്ങിയിരിക്കുകയാണ്. ലക്ഷങ്ങൾ വാങ്ങിപ്പറ്റിച്ച നിരവധി പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ പൊലീസ് പല തവണ നോട്ടീസ് നൽകിയിട്ടും പ്രവീൺ ഹാജരായില്ല. പ്രവീൺ സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയുമായി നിരവധി അധ്യാപകർ വരുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കയ്പമംഗലം പൊലീസാണ് റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.