മനു പണ്ടേ ക്വട്ടേഷൻ സംഘങ്ങളുടെ കണ്ണിലെ കരട്; തില്ലങ്കേരി-ആയങ്കിമാർക്കെതിരെയുള്ള പഴയ പ്രസംഗം പുറത്ത്

ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി അടക്കമുള്ളവർക്കെതിരെ കടുത്ത പ്രതികരണമാണ് മനു തോമസ് പ്രസംഗത്തിൽ നടത്തിയിരിക്കുന്നത്

dot image

കണ്ണൂർ: ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസ് ക്വട്ടേഷൻ സംഘങ്ങൾക്ക് അനഭിമതനായത് കണ്ണൂരിലെ സംഘടനയ്ക്കുള്ളിലെടുത്ത നിലപാടുകളിലൂടെയെന്ന് വ്യക്തമാക്കുന്ന പ്രസംഗം പുറത്ത്. മനു തോമസ് ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറയുന്നതാണ് പ്രസംഗം. ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി അടക്കമുള്ളവർക്കെതിരെ കടുത്ത പ്രതികരണമാണ് മനു തോമസ് പ്രസംഗത്തിൽ നടത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ പോസ്റ്റുകളും കേസുകളും വിവാദമായതോടെ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും അടക്കമുള്ള ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറയാൻ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായിരുന്നു പ്രസംഗം. അതുവരെ ഇവർ സമൂഹ മാധ്യമങ്ങളിൽ പാർട്ടി ലേബലിൽ തന്നെയായിരുന്നു ഇടപെട്ടിരുന്നത്.

2021 ജൂണിൽ രണ്ട് മേഖലാജാഥകളാണ് സംഘടിപ്പിച്ചത്. ഈ ജാഥയിലായിരുന്നു ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഡിവൈഎഫ്ഐ തള്ളിപ്പറഞ്ഞത്. 2021 ജൂൺ 24ന് കൂത്തുപറമ്പിൽ വച്ചാണ് മനു തോമസ് ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ പ്രസംഗിച്ചത്. പഴയ നിരത്തിൽ നടന്ന പൊതുയോഗത്തിനിടെ ഈ സംഘം വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇരുട്ടിൽ നിന്നാണ് അന്ന് മനു തോമസ് പ്രസംഗിച്ചത്. ഇതിന് പിന്നാലെ നിരവധി പേർക്കെതിരെ പാർട്ടി നടപടിയെടുത്തു. ഇതിനെ തുടർന്നാണ് ആകാശ് തില്ലങ്കേരി അടക്കമുള്ളവർ മനു തോമസിന്റെ ശത്രുവാകുന്നത്.

"കൂത്തുപറമ്പിനെയും തലശ്ശേരിയെയും തിലങ്കേരിയെയുമൊക്കെ ഏതെങ്കിലും കൊട്ടേഷൻ സംഘങ്ങളുടെ ഭാഗമായി നിൽക്കുന്ന ഏതെങ്കിലും ഒരുത്തൻ്റെ പേരിൻ്റെ ഒപ്പം കെട്ടി നിരത്തേണ്ട പേരല്ലത്..." എന്നാണ് ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ മനു പ്രസംഗിച്ച് തുടങ്ങുന്നത്.

'പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് പൊതുസമൂഹത്തിന് മുന്നിൽ തെറ്റിദ്ധരിപ്പിച്ച് തോന്നിവാസം കാണിച്ചാൽ അതിന് ഡിവൈഎഫ്ഐയെ കിട്ടില്ല നിങ്ങൾ കാണിക്കുന്ന തെമ്മാടിത്തരങ്ങൾക്ക്, അരാജകത്വ പ്രവർത്തനങ്ങൾക്ക്, അധമ പ്രവർത്തനങ്ങൾക്ക് മറയാക്കാനുള്ളതല്ല ഈ മഹാപ്രസ്ഥാനം, അതിന്റെ രാഷ്ട്രീയം, അതിന്റെ ആശയം. ഇത്തരം ആളുകളെ തള്ളിപ്പറയുന്നു. ഇത്തരം ആളുകൾക്ക് ഈ പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ല' - പ്രസംഗത്തിൽ മനു തോമസ് പറയുന്നുണ്ട്.

ദിവസങ്ങൾക്ക് മുമ്പാണ് ഡിവൈഎഫ്ഐ നേതാവായിരുന്ന മനുവിനെ നടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന തരത്തിലുള്ള വാർത്ത പുറത്തുവരുന്നത്. ഇതിന് പിന്നാലെ താൻ എന്തുകൊണ്ട് പാർട്ടിക്ക് പുറത്തുപോകുന്നുവെന്ന് വ്യക്തമാക്കി മനു തോമസ് രംഗത്തെത്തി. പാർട്ടിക്ക് ക്വട്ടേഷൻ സംഘങ്ങളും സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം പലതവണ ചോദ്യം ചെയ്തിട്ടും അവർക്കെതിരെ നടപടിയെടുത്തില്ലെന്ന് ഡിവെെഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡൻ്റ് കൂടിയായിരുന്ന മനു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മനുവിനെതിരെ സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവ് പി ജയരാജൻ രംഗത്ത് വന്നിരുന്നു.

ഇതിനെ തുടർന്ന് പി ജയരാജനെതിരെയും മകനെതിരെയും മനു പിന്നീട് രംഗത്തെത്തി. ഇതിന് പിന്നാലെ ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും ജയരാജന് പ്രതിരോധം തീർത്ത് മനു തോമസിനെ ഭീഷണിപ്പെടുത്തി രംഗത്തത്തിയത് വിവാദമായിരുന്നു. 'എന്തും പറയാൻ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധിക സമയം വേണ്ട എന്ന് ഓർത്താൽ നല്ലത്' എന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ് പോസ്റ്റ്. നേതാവാകാൻ അടി കൊള്ളുന്നവനും ചോര വാർന്ന് ജീവിതം ഹോമിച്ച് നേതാവായവരും തമ്മിൽ ഒരുപാട് ദൂരമുണ്ടെന്നായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം. പാർട്ടിയേയും പാർട്ടി നേതാക്കളേയും ഇല്ലാ കഥകൾ പറഞ്ഞ് അപമാനിക്കാൻ നിൽക്കരുതെന്ന് മുന്നറിയിപ്പുമായി റെഡ് ആർമിയും രംഗത്തെത്തിയിരുന്നു. മനു തോമസിനെതിരെ പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പും പ്രത്യക്ഷപ്പെട്ടിരുന്നു.

പി ജയരാജന് വേണ്ടി എന്തുകൊണ്ടാണ് സ്വര്ണ്ണക്കടത്ത് ക്വട്ടേഷന് സംഘാംഗങ്ങളായ അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും പ്രതിരോധം തീര്ക്കാന് വരുന്നുവെന്നായിരുന്നു ഇതിനോടുള്ള മനു തോമസിൻ്റെ പ്രതികരണം. കാര്യങ്ങള് പെട്ടെന്ന് കൈകാര്യം ചെയ്യാന് പാര്ട്ടി ക്വട്ടേഷന് സംഘാഗങ്ങളെ ഏല്പ്പിച്ചിട്ടുണ്ടോ എന്ന് നേതൃത്വം മറുപടി പറയണമെന്നും മനു ആവശ്യപ്പെട്ടിരുന്നു. പി ചന്ദ്രശേഖരന് വധവും ഷുഹൈബ് വധവും വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നുവെന്നും മനു തോമസ് തന്റെ ഫേസ് ബുക്ക് പോസ്റ്റില് ആരോപിച്ചിരുന്നു.

മനു തോമസ് പാർട്ടിക്ക് പുറത്തുപോയതും ആരോപണ ശരങ്ങളുമായി രംഗത്തെത്തിയതും തിരഞ്ഞെടുപ്പ് തോൽവിയിൽ വട്ടംകറങ്ങുന്ന സിപിഐഎമ്മിന് തലവേദനയായിരിക്കുകയാണ്. ഇതിനൊപ്പമാണ് കണ്ണൂരിലെ ശക്തനായ പി ജയരാജന് പ്രതിരോധം തീർത്ത് ക്രിമിനൽ കേസ് പ്രതികൾ രംഗത്തെത്തിയതും വിവാദമായിരിക്കുന്നത്. സിപിഐഎം സംശയ നിഴലിൽ നിൽക്കുന്ന രണ്ട് കൊലപാതകക്കേസുകൾ ഇതിനൊപ്പം വീണ്ടും ചർച്ചയാകുന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us