കോഴിക്കോട്: മലബാറിലെ യാത്രാ ദുരിതത്തെക്കുറിച്ചുള്ള റിപ്പോർട്ടർ വാർത്താ പരമ്പരയെ അഭിനന്ദിച്ച് മന്ത്രി വി അബ്ദുറഹ്മാൻ. ട്രെയിൻ അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി യാത്രക്കാർ വലിയ ദുരിതത്തിലായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചു. റിപ്പോർട്ടർ ചാനൽ ഉൾപ്പടെ ഇത് ഏറ്റെടുത്തുവെന്നും കൂടുതൽ ട്രെയിനുകൾക്കായി ശ്രമം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവും ലാഭകരമായ സർവീസ് ഉളളത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ - ഷൊർണൂർ പാതയിൽ കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി അടുത്ത മീറ്റിങ്ങിൽ ഇത് ശക്തമായി ഉന്നയിക്കുമെന്നും വ്യക്തമാക്കി. നിലമ്പൂർ - നഞ്ചങ്കോട് പാത നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഈ പാത വരുന്നതോടെ യാത്രാ ദുരിതം കുറയുമെന്നും മന്ത്രി വ്യക്തമാക്കി.
ചൊവ്വ, ബുധൻ, വ്യാഴം വെള്ളി ദിവസങ്ങളിലാണ് ട്രെയിൻ ഓടുക. പുതിയ സർവീസ് വരുന്നതോടെ വൈകീട്ടോടെ കോഴിക്കോട് മേഖലയിലേക്കുള്ള യാത്രക്കാരുടെ തിരക്കിന് ആശ്വാസമാകും. ട്രെയിൻ അനുവച്ചതിൽ വലിയ സന്തോഷമുണ്ടെന്നും നാഷണൽ ഹൈവേയിലെ അറ്റകുറ്റപണികൾ നടക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ ഇത് കാരണമാകുമെന്നും മന്ത്രി വി അബ്ദുറഹ്മാൻ റിപോർട്ടറിനോട് പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകൾ വരുമ്പോൾ മറ്റ് ട്രെയിനുകൾ പിടിച്ചിടുമ്പോൾ ഉണ്ടാകുമ്പോഴുള്ള ബുദ്ധിമുട്ട് ഉടൻ പരിഹരിക്കുമെന്നും വി അബ്ദു റഹ്മാൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു. കേരളത്തിലോടുന്ന ട്രെയിനുകളിൽ ലോക്കൽ കംപാർട്മെന്റുകൾ കൂടുതൽ വർധിപ്പിക്കാൻ കേന്ദ്ര റയിൽവേ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ റിപ്പോർട്ടർ ടിവിയുടെ ഇടപെടലിന് മന്ത്രി വി അബ്ദു റഹ്മാൻ നന്ദി പറഞ്ഞു.
മലബാറിന്റെ ട്രെയിൻ യാത്ര ദുരന്തത്തിൽ കണ്ണ് തുറന്ന് ദക്ഷിണ റെയിൽവേ. ഷൊർണൂർ കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ ദക്ഷിണ റെയിൽവെ അനുവദിച്ചു. ജൂലായ് 2 മുതൽ ട്രെയിൻ ഓടി തുടങ്ങുമെന്നാണ് റെയിൽവേയുടെ അറിയിപ്പ് . മലബാർ മേഖലയിലെ ട്രെയിൻ യാത്ര ദുരന്തത്തെ കുറിച്ചുള്ള റിപ്പോർട്ടറിന്റെ നിരന്തരമുള്ള വാർത്താ റിപ്പോർട്ടിന്റെ പിന്നാലെയായിരുന്നു റെയിൽവെയുടെ അനുകൂല നടപടി.
REPORTER IMPACT:ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർട്രെയിൻ;മലബാറിലെ ട്രെയിൻയാത്രാ ദുരിതത്തിന് പരിഹാരം