ആലപ്പുഴ: പാര്ട്ടിക്കെതിരെ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ലെന്ന് ജി സുധകാരന്. പാര്ട്ടിയെ എന്നും പ്രതിരോധിച്ചിട്ടേയുള്ളുവെന്നും മാധ്യമ സ്ഥാപനങ്ങള്ക്കിടയില് മത്സരം വര്ധിക്കുന്നുവെന്നും ഇത് ശരിയായ രീതിയിലല്ലെന്നും അദ്ദേഹം പ്രതികരിച്ചു. പലപ്പോഴും അപക്വമായ പ്രതികരണമാണ് ജി സുധാകരന് നടത്തുന്നതെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില് വിമര്ശനം ഉയര്ന്നിരുന്നു. ഇതിനെതിരെയായിരുന്നു സുധാകരന്റെ പ്രതികരണം. കമ്യൂണിസ്റ്റ് പാര്ട്ടിയെ നിര്ണായക ഘട്ടങ്ങളില് സഹായിച്ച വ്യക്തിയാണ് വെള്ളാപ്പള്ളിയെന്ന് ജി സുധാകരന് പറഞ്ഞു. അഭിപ്രായം തുറന്ന് പറയുന്ന ശീലം അദ്ദേഹത്തിനുണ്ട്. സംസാരിച്ചാല് തീരാവുന്ന പ്രശ്നങ്ങളേയുള്ളു. ചരിത്രം പറയാത്തവര് ആരും പുരോഗതിയെ ഉന്നം വെയ്ക്കുന്നില്ല. വെള്ളാപ്പള്ളി വോട്ടുമറിച്ചുവെന്ന് എം വി ഗോവിന്ദന് പറഞ്ഞിട്ടില്ലെന്നും സുധാകരന് പ്രതികരിച്ചു.
ഒരു മാധ്യമം മാത്രം വിചാരിച്ചാല് സമൂഹം നന്നാവില്ല, എല്ലാവരും വേണമെന്ന് സുധാകരന് പ്രതികരിച്ചു. അച്ചടി മാധ്യമങ്ങളാണ് കൂടുതല് സത്യസന്ധം. ഇലക്ട്രോണിക് മാധ്യമങ്ങള് വൈറലാകാന് വേണ്ടി പലതും ചെയ്യുന്നു. സ്വയം തിരുത്തലിന് എല്ലാവരും തയാറാകണം. പറയാത്ത കാര്യം പറഞ്ഞ് ഒരു ചാനല് കഴിഞ്ഞ ദിവസം അപമാനിച്ചു. കടിക്കുന്ന പട്ടിയെ കാശ് കൊടുത്ത് വാങ്ങിയതു പോലെയായി. മോദി ശക്തനായ വലതുപക്ഷ ഭരണാധികാരിയാണെന്നാണ് പറഞ്ഞത്. ജനാധിപത്യത്തിലെ ഏകാധിപതിയെന്നും വിശേഷിപ്പിച്ചു. അല്ലാതെ ഒരു മോദി സ്തുതിയും നടത്തിയിട്ടില്ലെന്നും സുധാകരന് പ്രതികരിച്ചു.
രാജ്യത്ത് അധികാരത്തില് വന്നതെല്ലാം ബൂര്ഷ്വാ ജനാധിപത്യ പാര്ട്ടികളാണ്. ജനകീയ ജനാധിപത്യത്തിലാണ് കമ്മ്യൂണിസ്റ്റുകള് വിശ്വസിക്കുന്നത്. അഴിമതി കാണിക്കാതിരിക്കുക എന്നത് വളരെ പാടാണ്. ഞാന് പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള് പണിത റോഡുകള് ഒന്നും പൊളിഞ്ഞിട്ടില്ല. പെരുമ്പളം പാലം യാഥാര്ഥ്യമായത് താനുള്ളതു കൊണ്ടാണ്. അഞ്ചുവര്ഷം കൊണ്ട് അഞ്ഞൂറ് പാലങ്ങളാണ് അന്ന് ഡിസൈന് ചെയ്തത്. പൊളിറ്റിക്കല് ക്രിമിനലിസമുണ്ട്. അത് ഏതെങ്കിലും വൃക്തിയെ ഉദ്ദേശിച്ച് പറയുന്നതല്ല. മുന്പുള്ള കാര്യങ്ങള് പറയുന്നത് ഇപ്പോഴുള്ളവരെ മോശക്കാരക്കാനാക്കാനല്ലെന്നും സുധാകരന് പറഞ്ഞു.
പലപ്പോഴും മുതിര്ന്ന നേതാവിന് യോജിക്കാത്ത പ്രതികരണങ്ങളാണ് സുധാകരന്റേതെന്ന് നേതാക്കള് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില് ആരോപിച്ചിരുന്നു. പൊതു സമൂഹത്തിലും പാര്ട്ടി പ്രവര്ത്തകരിലും ഇത് ആശയക്കുഴപ്പം ഉണ്ടാക്കി. ജി സുധാകരന്റ പ്രതികരണങ്ങള് പക്വമാകണം. പാര്ട്ടി നേതൃത്വവുമായി ആലോചിക്കാതെ മറുപടി പറയരുത് എന്നും വിമർശനം ഉയർന്നിരുന്നു. എച്ച് സലാം പരസ്യമായി സുധാകരന് മറുപടി പറഞ്ഞത് ശരിയായില്ലെന്നും നേതാക്കള് യോഗത്തില് അഭിപ്രായപ്പെട്ടിരുന്നു.
ഇതേ യോഗത്തില് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അനുകൂലിച്ച് എംഎല്എമാര് രംഗത്തെത്തിയിരുന്നു. എച്ച് സലാം, പി ചിത്തരഞ്ജന് എംഎല്എമാരാണ് വെള്ളാപ്പള്ളിയെ അനുകൂലിച്ച് സംസാരിച്ചത്. മലബാറില് വോട്ട് ചോര്ന്നത് വെള്ളാപ്പള്ളി കാരണമാണോ എന്നാണ് എച്ച് സലാം യോഗത്തില് ചോദിച്ചത്. എച്ച് സലാം പറഞ്ഞതിനെ പിന്തുണച്ചും വെള്ളാപ്പള്ളിയെ ന്യായീകരിച്ചും പി ചിത്തരഞ്ജനും സംസാരിച്ചു. വെള്ളാപ്പള്ളിക്കെതിരെ സിപിഐഎം സ്വീകരിച്ച പൊതുനിലപാടിന് വിരുദ്ധമായാണ് ഇരുവരും നിലപാട് സ്വീകരിച്ചത്. ഇതേ നിലപാടാണ് ഇപ്പോള് സുധാകരനും സ്വീകരിച്ചിരിക്കുന്നത്.
കഠിന പ്രയത്നത്തിന്റെ ഫലമാണ് തൃശ്ശൂരിലെ ഫലം, ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുവെന്ന് സുരേഷ് ഗോപിഇതിനുപുറമെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില് മന്ത്രിമാര്ക്കെതിരെയും രൂക്ഷവിമര്ശനം ഉയര്ന്നിരുന്നു. ധന, ആരോഗ്യ മന്ത്രിമാര്ക്കെതിരെയാണ് വിമര്ശനം ഉയര്ന്നത്. ധന-ആരോഗ്യ വകുപ്പുകള് പൂര്ണ പരാജയമാണെന്നാണ് വിമര്ശനം ഉയര്ന്നത്. മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു യോഗത്തില് വിമര്ശനം ഉയര്ന്നത്.