തിരുവനന്തപുരം: കേരളത്തിലെ അൺ-എയ്ഡഡ് കോളേജുകൾ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോർട്ട്. എംജി യൂണിവേഴ്സിറ്റിക്ക് കീഴിലെ പതിനാല് അൺ-എയ്ഡഡ് കോളേജുകൾ അടച്ചുപൂട്ടിയെന്ന് 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു. വിദേശപഠനത്തിനുള്ള സ്വീകാര്യത വർധിച്ചതും, കോഴ്സ്, സ്ഥാപന അനുമതികൾക്കുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ചതുമാണ് കോളേജുകളുടെ പ്രതിസന്ധിക്ക് വഴിതെളിച്ചതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ഇടുക്കി ഗിരിജ്യോതി കോളേജ്, ഗുരു നാരായണ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് തൊടുപുഴ, സിഇടി കോളേജ് പെരുമ്പാവൂർ, കെഎംഎം കോളേജ് എറണാകുളം, മേരിഗിരി കോളേജ് കൂത്താട്ടുകുളം, ശ്രീധർമ ശാസ്ത കോളേജ് നേര്യമംഗലം, ഗുഡ് ഷെപ്പേർഡ് കോളേജ് കോട്ടയം, ഷെർമൗണ്ട് കോളേജ് എരുമേലി, ശ്രീനാരായണ പരമഹംസ കോളേജ് പൂഞ്ഞാർ, പോരുകര കോളേജ് ചമ്പക്കുളം, ശ്രീനാരായണ കോളേജ് കുട്ടനാട്, ശബരി ദുർഗ കോളേജ് പത്തനംതിട്ട, ശ്രീ നാരായണ കോളേജ് തിരുവല്ല എന്നീ പതിനാല് അൺ-എയ്ഡഡ് കോളേജുകളാണ് പൂട്ടിപ്പോയത്. മധ്യകേരളത്തിൽനിന്നും ധാരാളം വിദ്യാർത്ഥികൾ വിദേശപഠനത്തിനായി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നുവെന്ന വാർത്തകൾ വരുന്നതിനിടയിലാണ് കോളേജുകൾ അടച്ചുപൂട്ടുന്ന വാർത്തയും പുറത്ത് വരുന്നത്. ഭൂരിഭാഗം കോളേജ് പ്രതിനിധികളും ഇത്തരത്തിലുള്ള വിദ്യാർത്ഥി കുടിയേറ്റമാണ് കോളേജുകളുടെ അടച്ചുപൂട്ടലുകൾക്ക് കാരണമായി പറയുന്നതെന്നാണ് റിപ്പോർട്ട്.
ഇതിന് പുറമെ കൊവിഡാനന്തര പ്രതിസന്ധിയും അടച്ചുപൂട്ടലിന് കാരണമാകുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഒരുകാലത്ത് വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ പഠിച്ചിരുന്ന ബികോം, ബിസിഎ പോലുളള കോഴ്സുകൾ പഠിക്കാൻ പല കോളേജുകളിലും വിദ്യാർത്ഥികളില്ല. തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പ്രിയമേറിയതോടെ ഇത്തരത്തിലുള്ള കോഴ്സുകൾക്ക് വിദ്യാർത്ഥികൾ കുറയുകയായിരുന്നു.
അൺ-എയ്ഡഡ് കോളേജുകൾ അടച്ചുപൂട്ടിയതോടെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് അധ്യാപകരാണ്. നിലവിലുളള കോഴ്സുകൾ മാത്രം പഠിപ്പിച്ച് കോളേജുകൾ മുൻപോട്ട് പോയെങ്കിലും അധ്യാപകർക്ക് ശമ്പളം അടക്കം കുറഞ്ഞു. പിന്നീട് കോളേജുകൾ അടച്ചതോടെ അത് പിരിച്ചുവിടലുമായി. കോഴ്സ്, സ്ഥാപന അനുമതികൾക്കുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ചതുതോടെ കോളേജുകൾക്ക് പിടിച്ച് നിൽക്കാൻ കഴിയാതെ പോകുകയായിരുന്നു.